ക്വാറി- ക്രഷര്‍ മേഖല അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്നു ക്രഷര്‍- ക്വാറി മേഖലയിലെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
നിലവിലുണ്ടായിരുന്ന എല്ലാ വ്യവസ്ഥകളും തകിടം മറിക്കുന്ന വിധത്തില്‍ മുന്നറിയിപ്പോ ആലോചനകളോ ഇല്ലാതെയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മാര്‍ച്ച് 31നു രാത്രി ഗസറ്റ് വിജ്ഞാപനം ഇറക്കിയതെന്ന് ഉടമകളുടെ സംഘടനകള്‍ ആരോപിക്കുന്നു. വിജ്ഞാപന പ്രകാരം ക്വാറി ഉടമകള്‍ സര്‍ക്കാരിനു നല്‍കേണ്ട റോയല്‍റ്റി തുക ഇരട്ടിയാക്കി. മുന്‍പ് റോയല്‍റ്റി തുക ഭാഗികമായും പല തവണകളായും അടയ്ക്കാന്‍ സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ തുക ഇരട്ടിയാക്കിയതിനൊപ്പം റോയല്‍റ്റി തുക പൂര്‍ണമായി മുന്‍കൂര്‍ അടയ്ക്കണമെന്നു നിര്‍ദേശിച്ചിരുക്കുന്നു. എല്ലാ ക്വാറികള്‍ക്കും 5 വര്‍ഷം മൈന്‍ ലൈഫ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും പെര്‍മിറ്റ് കാലാവധി ഒരോ വര്‍ഷവും പുതുക്കണം. ഇത് മേഖലയില്‍ വന്‍ വിലക്കയറ്റം സൃഷ്ടിക്കുമെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു.