ഇ.പി.ജയരാജന് ബന്ധമുണ്ടെന്നു പറഞ്ഞ റിസോര്‍ട്ട് വാങ്ങുന്നത് കേന്ദ്രമന്ത്രി

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള വിവാദമായ വൈദേകം റിസോര്‍ട്ട് വില്‍ക്കുന്നു. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങുമെന്നാണ് വിവരം. രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി ഈ മാസം 15 ന് കരാര്‍ ഒപ്പിടും. തിരുവനന്തപുരത്ത് വെച്ചാണ് കരാര്‍ ഒപ്പിടല്‍. കൈമാറ്റത്തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. വൈദേകം റിസോര്‍ട്ടില്‍ ഇ പി ജയരാജനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനും ഓഹരി നിക്ഷേപമുളളത് വിവാദമായതിനെ തുടര്‍ന്നാണ് വില്‍പ്പന.
ഇ പി ജയരാജന്റെയും കുടുംബത്തിന്റെയും നിക്ഷേപത്തില്‍ സംശയം പ്രകടിപ്പിച്ച് പി ജയരാജന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദമുയര്‍ന്നത്. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരക്കും മകന്‍ ജെയ്‌സണുമാണ് റിസോര്‍ട്ടിലെ പ്രധാന ഓഹരി ഉടമകള്‍. 9,199 ഓഹരികളാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. വിവാദത്തെ തുടര്‍ന്ന് റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഇ പി ജയരാജന്റെ കുടുംബം ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനായിരുന്നു തീരുമാനം. വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്നും ഇപിക്കെതിരെ ശക്തമായ സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആരാഞ്ഞ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. റിസോര്‍ട്ടിനായി ഭൂമി വാങ്ങിയതിന്റെ വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ടിരുന്നു. താന്‍ റിസോര്‍ട്ടിന്റെ ആരുമല്ല എന്നായിരുന്നു വിവാദങ്ങളോടുളള എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം. റിസോര്‍ട്ടിന്റെ എംഡിയോടോ സിഇഓയോടോ ഇക്കാര്യം ചോദിച്ച് നോക്കാം. അവിടെ ഒരു ആദായനികുതി വകുപ്പും റെയ്ഡിന് പോയിട്ടില്ല. മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണ് അത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. നന്നായി വരുന്ന ഒരു സ്ഥാപനമാണ് അത്. അത് നശിപ്പിക്കണമെന്നുണ്ടാകുമെന്നായിരുന്നു ഇ പിയുടെ പ്രതികരണം. റിസോര്‍ട്ട് വിറ്റ് വിവാദത്തിന് അന്ത്യം കുറിയ്ക്കാനാണ് ഇ പി ജയരാജന്‍ ശ്രമിക്കുന്നത്. റിസോര്‍ട്ട് വില്‍ക്കുന്നതോടെ ഇ പിയുടെ ഭാര്യ അടക്കമുള്ള നിലവിലെ ഓഹരി ഉടമകള്‍ കമ്പനിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാകും. ഇതോടെ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇ പി ജയരാജന്‍.