ബിവറേജ് കളക്ഷന്‍ തുക ബാങ്കിലിട്ടപ്പോള്‍ അക്കൗണ്ട് മാറിപ്പോയി; പണം തിരിച്ചുപിടിക്കാന്‍ മജിസ്‌ട്രേറ്റിന്റെ സഹായം തേടി

തിരുവനന്തപുരം: ബീവറേജസ് ഔട്ട്‌ലെറ്റിലെ കളക്ഷന്‍ അക്കൗണ്ട് മാറി അടച്ച
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതിക്കായി പോലീസ്.
വഴയില മുക്കോലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നും ബാങ്കില്‍ അടച്ച 10.76 ലക്ഷത്തോളം തുക ആളുമാറി ക്രഡിറ്റ് ചെയ്ത സംഭവത്തില്‍ സ്വന്തം നിലക്ക് കേസെടുക്കാനാവില്ലെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു.
നെട്ടയം സി.പി.ടി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു പൊതുമേഖലാ ബാങ്കിന്റെ ശാഖയിലാണ് മുക്കോല ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിലെ അക്കൗണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് ബീവറേജസ് ഔട്ട്‌ലറ്റ് ബാങ്കിലടച്ച പത്തേമുക്കാല്‍ ലക്ഷത്തിലേറെ രൂപ അക്കൗണ്ട് മാറി നിക്ഷേപിക്കപ്പെട്ട വിവരം ബാങ്കുകാര്‍ കണ്ടെത്തിയത്.
ബാങ്കിലടച്ച തുക അക്കൗണ്ട് മാറി കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശിനിയുടെ അക്കൗണ്ടിലേക്കാണ് പോയത്. ബാങ്ക് അധികൃതര്‍ ഇവരെ കണ്ടെത്തി വിവരം ധരിപ്പിച്ച് പണം മടക്കി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പണം മുഴുവന്‍ ചിലവാക്കിയെന്നായിരുന്നു ഇവര്‍ അറിയിച്ചത്. ഇവരില്‍ നിന്ന് പണം ഈടാക്കാനുള്ള മാര്‍ഗ്ഗങ്ങളും അടഞ്ഞതോടെ
ബാങ്ക് വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. പോലീസിനോടും പണം മുഴുവന്‍ ചിലവായെന്നാണ് അക്കൗണ്ടില്‍ പണംമാറി ലഭിച്ച സ്ത്രീ പറയുന്നത്. അതേസമയം സംഭവത്തില്‍ ബാങ്കിന്റെ പരാതി മാത്രമാണ് ലഭിച്ചതെന്നും ബീററേജസ് അധികൃതര്‍ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി ആവശ്യമാണെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു.