കേരളത്തിന് വന്ദേഭാരത്; 25ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ചിട്ടുള്ള വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി. റേക്കുകള്‍ പാലക്കാട്ട് രാവിലെയും വൈകിട്ട് തിരുവനന്തപുരത്തും എത്തി. ചെന്നൈയിലെത്തിയ റേക്കുകള്‍ ഇന്നലെ രാവിലെയാണ് പാലക്കാട്ട് എത്തിച്ചേര്‍ന്നത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ മധുരം വിളമ്പിയും മുദ്രാവാക്യം വിളിച്ച് വന്ദേഭാരതിനെ വരവേറ്റു. അതേസമയം ഒരു വര്‍ഷത്തിനു ശേഷം കേരളത്തിലെത്തിച്ച വന്ദേഭാരതിന്റെ പേരില്‍ ബി.ജെ.പി രാഷ്ട്രീയനേട്ടം കൊയ്യാനാണു ശ്രമമെന്ന് ഭരണപ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാതയിലൂടെ ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ വന്ദേഭാരത് ഉദ്ഘാടനം നടത്താനാണ് തീരുമാനം. വന്ദേഭാരത് ഓടിക്കണമെങ്കില്‍ റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുകയും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്തുകയും വേണം. പരീക്ഷണ ഓട്ടം തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കും തിരിച്ചും നടത്തേണ്ടതുണ്ടെന്നാണു ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ചുളള റെയില്‍വേ ബോര്‍ഡിന്റെയോ ദക്ഷിണ റെയില്‍വേയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഡിവിഷന്‍ അറിയിച്ചു. റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണി അടുത്ത രണ്ടാഴ്ചകളിലായി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തില്‍ പോകാനാവില്ലെന്നാണ് വിലയിരുത്തല്‍. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യും. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും. എന്നാല്‍ വന്ദേ ഭാരത് വരുന്ന വിവരം റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാനമന്ത്രി വി.അബ്ദുറഹ്മാനോ അദ്ദേഹത്തിന്റെ ഓഫീസോ അറിഞ്ഞിരുന്നില്ല.  
വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെത്തുമ്പോള്‍ സമയത്തിന്റെയും ടിക്കറ്റ് ചാര്‍ജിന്റെയും വേഗതയുടെയും കാര്യത്തിലടക്കം ചര്‍ച്ചകള്‍ എങ്ങും സജീവമാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 482 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വന്ദേഭാരതില്‍ 2138 രൂപയും എട്ട് മണിക്കൂറും വേണമെന്നാണ് ചര്‍ച്ചകള്‍. അതേസമയം 13 സ്റ്റോപ്പുള്ള ജനശതാബ്ദി കുറഞ്ഞ തുകയ്ക്ക് ഇതേ വേഗത്തില്‍ ഓടിയെത്തുന്നുണ്ട്.