വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ഏപ്രില്‍ 19ന് തുടക്കമാകും

വനിതകള്‍ക്ക് സിനിമയുടെ വിവിധ സാങ്കേതിക മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഏപ്രില്‍ 19 ബുധനാഴ്ച നിര്‍വഹിക്കും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിലെ നൂറു ദിനകര്‍മ്മപരിപാടിയുടെ ഭാഗമായ പദ്ധതിയുടെ രൂപരേഖ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് അവതരിപ്പിക്കും. തുടര്‍ന്ന് വിവിധ ചലച്ചിത്ര സംഘടനകളുടെ പ്രതിനിധികളും ക്ഷണിക്കപ്പെട്ട അതിഥികളും പദ്ധതിയുടെ  നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കും.
ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലെ സാങ്കേതികരംഗത്തെ തൊഴില്‍ അവസരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വനിതകള്‍ക്കായി പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനത്തിനായി സിനിമകളില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, ക്യാമറ ആന്റ് ലൈറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് ആന്റ് പബ്‌ളിസിറ്റി, ആര്‍ട്ട് ആന്റ് ഡിസൈന്‍ എന്നീ മേഖലകളിലാണ് തുടക്കത്തിൽ തൊഴില്‍പരിശീലനം നല്‍കുക. കുടുംബശ്രീ, നോളജ് ഇക്കോണമി മിഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ചലച്ചിത്ര വികസന കോർപറേഷൻ  തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.