വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍ഗോഡ് വരെയാക്കി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍കോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 25 ാം തിയതിയാകും വന്ദേ ഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കുകെയന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.
ഈ മാസം 24, 25 തിയതികളിലാകും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലുണ്ടാകുക. 25ന് നിരവധി റെയില്‍വേ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. 25ന് രാവിലെ വന്ദേഭാരത് മോദി കേരളത്തിന് സമര്‍പ്പിക്കും. വന്ദേ ഭാരത് കേരളത്തില്‍ വരില്ലെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയില്ലേയെന്നും അശ്വനി വൈഷ്ണവ് ചോദിച്ചു.
നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചത്. 70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിലെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു. ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും അശ്വിനി വൈഷ്ണവിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.