മുകേഷ് അംബാനിയുടെ ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനം

മുകേഷ് അംബാനിയുടെ ജീവനക്കാരനും ഇനി അത്യാഢംബര വീട് സ്വന്തം.
തന്റെ ജീവനക്കാരില്‍ ഒരാള്‍ക്ക് സമ്മാനമായി 1500 കോടി രൂപയുടെ വീട് അംബാനി നല്‍കിയതായാണ് വിവരം. അംബാനിയുടെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോഡിക്കാണ് മുംബൈയില്‍ കണ്ണഞ്ചിക്കുന്ന വിലയുള്ള വീട് അംബാനി കൈമാറിയത്.
വീട് എന്നാണ് വിശേഷണമെങ്കിലും അംബാനിയുടെ വീടുപോലെതന്നെ പല നിലകളിലായി തീര്‍ത്ത ആഡംബരക്കൊട്ടാരമാണ് ഇത്. 22 നിലകളാണ് വൃന്ദാവന്‍ എന്ന ഈ കെട്ടിടത്തിനുള്ളത്. 1.7 ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണവുമുണ്ട്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം മുംബൈയിലെ നേപ്പിയന്‍ സീ റോഡിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അകത്തളം ഒരുക്കാനുള്ള ഫര്‍ണിച്ചറുകളില്‍ ചിലത് ഇറ്റലിയില്‍ നിന്നും വാങ്ങിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ റിലയന്‍സ് റീറ്റെയില്‍, റിലയന്‍സ് ജിയോ എന്നിവയുടെ ഡയറക്ടര്‍ പദവിയാണ് മനോജ് മോഡിക്കുള്ളത്. കമ്പനിയിലെ ഉദ്യോഗസ്ഥന്‍ എന്നതിന് പുറമേ മുംബൈയിലെ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ മുകേഷ് അംബാനിയുടെ അതേ ബാച്ചിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു മനോജ് മോഡി. 1980കളില്‍ ധീരുഭായി അംബാനി റിലയന്‍സിന് നേതൃത്വം നല്‍കിയിരുന്ന കാലത്തുതന്നെ മനോജ് സ്ഥാപനത്തിന്റെ ഭാഗമായിരുന്നു. മുകേഷ് അംബാനിയുടെ മക്കളുമായി ചേര്‍ന്ന് മനോജ് നിരവധി ബിസിനസ് ഇപ്പോള്‍ ചെയ്യുന്നുണ്ട്.