ദുബൈ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 200 കോടിയായി

ദുബൈ: ദുബൈ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 200 കോടിയായി. ദുബൈ നഗരിക്ക് പുതിയൊരു യാത്ര ശൈലി സമ്മാനിച്ച് 09 – 09 – 2009ന് ആരംഭിച്ച ദുബൈ മെട്രോയില്‍ ചൊവ്വാഴ്ച വരെ യാത്ര ചെയ്തവരുടെ എണ്ണം ഇരുനൂറു കോടി കവിഞ്ഞു. 53 സ്റ്റേഷനുകള്‍ക്കിടയില്‍ 129 ട്രെയിനുകളാണ് സര്‍വീസ് നടത്തിവരുന്നത്. 99.7% ശുഷ്‌കാന്തിയോടെ ഓടുന്ന ദുബൈ മെട്രോയില്‍ ദിവസേന ആറ് ലക്ഷം പേര്‍ യാത്ര ചെയ്യുന്നു.ദുബൈയിലെത്തുന്ന വിനോദ ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മെട്രോ യാത്രയാണ്. റെഡ്, ഗ്രീന്‍ ലൈനുകളില്‍ സഞ്ചരിച്ചാല്‍ തന്നെ ദുബൈയുടെ ഒട്ടുമിക്ക ഭാഗങ്ങളും കാണാം. 2009ലാണ് യുഎഇയുടെ സ്വപ്ന ട്രാകില്‍ ദുബൈ മെട്രോ ആരംഭം കുറിച്ചത്.അസാധ്യം എന്ന വാക്ക് യുഎഇയുടെ നിഘണ്ടുവില്‍ ഇല്ലെന്ന് വ്യക്തമാക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മേഖലയ്ക്കു സമ്മാനിച്ചത് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ യാത്ര. ‘ഞങ്ങളുടെ നിഘണ്ടുവില്‍ അസാധ്യം എന്ന പദമില്ല (المستحيل غير موجود في قاموسنا) എന്നായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ പ്രതികരണം. ദുബൈയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതില്‍ അഭിമാനമുണ്ടെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു.