സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെയ് 23ന്

ഇവി സ്റ്റാര്‍ട്ടപ്പ് സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മെയ് 23ന് പുറത്തിറങ്ങും. കമ്പനിയുടെ ആസ്ഥാനമായ ബെംഗളൂരുവിലാണ് ആദ്യം സിംപിള്‍ വണ്‍ പുറത്തിറക്കുക. രണ്ടു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് രാജ്യാന്തര നിലവാരത്തിലുള്ള സിംപിള്‍ വണ്‍ പുറത്തിറക്കുന്നതെന്നാണ് സിംപിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.

2021 ഓഗസ്റ്റില്‍ തന്നെ സിംപിള്‍ എനര്‍ജി തങ്ങളുടെ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരുന്നു. അന്ന് സ്‌കൂട്ടറിന്റെ വിലയും റേഞ്ചുമൊക്കെ പ്രഖ്യാപിച്ചിരുന്നെങ്കിലും 2023 മെയ് മാസത്തില്‍ മാത്രമാണ് വണ്‍ ഉപഭോക്താക്കളിലേക്കെത്തുക. വിതരണ ശൃംഖലയിലെ പാകപ്പിഴകളും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്‌സ്(AIS) മൂന്നാം ഭേദഗതിയിലെ നിര്‍ദേശങ്ങള്‍ പാലിച്ചതും ഈ വൈകലിന് കാരണങ്ങളായി.

എഐഎസ് മൂന്നാം ഭേദഗതി അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പു വരുത്തുന്ന ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാണ് വണ്‍. അടുത്തിടെ ഉദ്ഘാടനം ചെയ്ത തമിഴ്‌നാട്ടിലെ സിംപിള്‍ വിഷന്‍ 1.0 നിര്‍മാണശാലയില്‍ നിന്നാണ് വണ്‍ വൈദ്യുത സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്. ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ 236 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി 2.75 മണിക്കൂറുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജു ചെയ്യാന്‍ സാധിക്കും.