കെ.എസ്.ആര്‍.ടി.സിക്ക് 25 പെട്രോള്‍ പമ്പ് കൂടി; നിലവില്‍ ലാഭം 25.53 കോടി രൂപ

തിരുവനന്തപുരം  
ഇന്ധനവിതരണ മേഖലയിൽ ചുവടുറപ്പിച്ച കെഎസ്ആർടിസി യാത്രാ ഫ്യുവൽസ്‌ വിജയവഴിയിൽ. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെഎസ്‌ആർടിസി ഡിപ്പോകളോട്‌ ചേർന്നുള്ള ഔട്ട്‌ലെറ്റുകളിലെ വിറ്റുവരവ്‌ ഒന്നര വർഷത്തിൽ 1106 കോടി രൂപയാണ്‌.

കെഎസ്ആർടിസി വാഹനങ്ങൾക്കൊപ്പം പൊതു ജനങ്ങൾക്കും ഇന്ധനം നൽകിയാണ് ഈ നേട്ടം. ഇതിൽ 25.53 കോടി രൂപ കെഎസ്ആർടിസിക്ക്‌ കമീഷനായി ലഭിച്ചു. പൊതുജനങ്ങളിൽനിന്നുമാത്രം 163 കോടി രൂപ വിറ്റുവരവുണ്ടായി, 4.81 കോടി രൂപ കമീഷനും. 2022 ഏപ്രിൽ മുതൽ ഡീസൽ വിലവർധനയിൽ ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തികബാധ്യത ഒഴിവാക്കാനും ഇതിലൂടെ സാധിച്ചു.

മുതൽമുടക്കില്ലാതെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ നടപ്പാക്കുന്ന “കെഎസ്‌ആർടിസി റീസ്‌ട്രക്‌ചർ 2.0′ പദ്ധതിയുടെ ഭാഗമായാണ് ഇന്ധനവിതരണ മേഖലയിലേക്കു കടന്നത്‌. 2021 സെപ്തംബറിലാണ് ആദ്യയാത്രാഫ്യുവൽസ് ഔട്ട്‌ലെറ്റ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ പ്രവർത്തനമാരംഭിച്ചത്. നിലവിൽ 13 ഔട്ട്‌ലെറ്റുണ്ട്‌. ചേർത്തല, കോഴിക്കോട്, ചടയമംഗലം, ചാലക്കുടി, മൂന്നാർ, കിളിമാനൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, മാവേലിക്കര, തൃശൂർ, ഗുരുവായൂർ, തിരുവനന്തപുരം വികാസ് ഭവൻ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്‌ലെറ്റുകൾ. 2024 മാർച്ച് 31-ന്‌ മുമ്പ് 25 ഔട്ട്‌ലെറ്റുകൂടി ആരംഭിക്കും. പൊൻകുന്നം, പെരുമ്പാവൂർ ഡിപ്പോകളിലെ ഔട്ട്‌ലെറ്റ്‌ നിർമാണം പുരോഗമിക്കുകയാണ്. 75 ഔട്ട്‌ലെറ്റ് സ്ഥാപിക്കലാണ് ലക്ഷ്യം