സ്‌പെയ്‌സ് ടെക്‌നോളജിയില്‍ ഓസ്‌ട്രേലിയന്‍ സഹകരണ സാധ്യത

സൗത്ത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി ഇങ്ക്യുബേഷന്‍ സെന്ററില്‍ നിന്നുള്ള സംഘം

തിരുവനന്തപുരം. സ്‌പെയ്‌സ് ടെക്‌നോളജി രംഗത്തെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെയും വ്യവസായത്തിനായി ഗവേഷണ – സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് സന്ദര്‍ശനവുമായി സൗത്ത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി ഇങ്ക്യുബേഷന്‍ സെന്ററില്‍ നിന്നുള്ള സംഘം.

ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ സ്‌പെയ്‌സ് സി.ഇ.ഒ ജി. ലെവിന്‍ തുടങ്ങിയവരുമായും വി.എസ്.എസ്.സി/ ബ്രഹ്‌മോസ് പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി. ഐ.ടി പാര്‍ക്കുകളുടെ വിജയ ചരിത്രവും വ്യവസായ സാധ്യതകളും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ വിവരിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ കുതിപ്പും അന്താരാഷ്ട്ര അംഗീകാരങ്ങളും കെ.എസ്.യു.എംം ഹെഡ് അന്നവേഷന്‍ ആന്‍ഡ് ബിസ്‌നസ് ഡെവലപ്പ്‌മെന്റ്, അശോക് പഞ്ഞിക്കാരന്‍ വിവരിച്ചു. ബഹിരാകാശ സാങ്കേതിക മേഖലയിലെ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തിരുവനന്തപുരത്ത് മികച്ച റിസോഴ്‌സ് പൂളിന്റെ ലഭ്യതയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെപ്പറ്റി കെസ്‌പെയ്‌സ് സി.ഇ.ഒ വിവരിച്ചു. ജി ടെക്, ചേംബര്‍ ഓഫ് എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് (സി.ഐ.എ) എന്നിവയുടെ പ്രതിനിധികള്‍ ഐ.ടി, എയ്‌റോസ്‌പേസ് വ്യവസായങ്ങളിലെ സഹകരണം സാധ്യമാകുന്ന മേഖലകളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തി. മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ വിന്‍വിഷ് ടെക്‌നോളജീസ്, അനന്ത് ടെക്‌നോളജീസ് എന്നിവയുടെ ഉല്‍പ്പാദന യൂണിറ്റുകളും സംഘം സന്ദര്‍ശിച്ചു.

ടെക്‌നോപാര്‍ക്ക് സന്ദര്‍ശനത്തിന് ശേഷം സംഘം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍.ഐ.ഐ.എസ്.ടി) എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്താണ് സംഘം മടങ്ങിയത്. ഏഴ് സ്റ്റാര്‍ട്ടപ്പുകളുടെ സി.ഇ.ഒമാരും യൂണിവേഴ്‌സിറ്റി പ്രതിനിധികളും ഓസ്‌ട്രേലിയന്‍ സംഘത്തിലുണ്ടായിരുന്നു. ഇ ആന്‍ഡ് ഐ.ടി.ഡി സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുമായും സംഘം സംവദിച്ചു. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തെക്കുറിച്ച് മന്ത്രി വിശദീകരിക്കുകയും ഓസ്‌ട്രേലിയന്‍ സംരംഭകരില്‍ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപം സ്വാഗതം ചെയ്യുകയും ചെയ്തു.