കഠിനംകുളത്ത് കുടുംബശ്രീയുടെ പൗൾട്ടറി പ്രോസസ്സിംഗ് പ്ലാന്റ്

കഠിനംകുളം ചാന്നാങ്കരയിൽ കുടുംബശ്രീയുടെ കേരള ചിക്കൻ പൗൾട്ടറി പ്രോസസ്സിംഗ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. പ്ലാന്റ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണം ഉയർത്തിപ്പിടിക്കുന്ന കുടുംബശ്രീ മുന്നേറ്റത്തിന്റെ പുതിയൊരു പാതയിലാണെന്നും കേരള ചിക്കന്റെ വിപണന സാധ്യത പൂർണമായി ഉപയോഗിക്കാൻ കുടുംബശ്രീക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും കേരളാ ചിക്കൻ പദ്ധതിയിലൂടെ സാധിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. കുടുംബശ്രീ, മൃഗസംരക്ഷണവകുപ്പ്, കെപ്‌കോ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയിൽ ആഭ്യന്തര വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി കേരളത്തിൽ തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുകയാണ് ലക്ഷ്യം.

ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിച്ച്, ശീതീകരിച്ച കോഴിയിറച്ചിയും മൂല്യവർധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കാൻ പൗൾട്ടറി പ്രോസസ്സിംഗ് പ്ലാന്റിലൂടെ കഴിയും. സെമി ഓട്ടോമേറ്റഡ് പൗൾട്ടറി പ്രോസസ്സിംഗ് ലൈനിൽ സംസ്‌കരിക്കുന്ന കോഴിയിറച്ചി ഗുണമേന്മയിലും മുന്നിട്ട് നിൽക്കുമെന്നതാണ് പ്രത്യേകത. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡ് നാമത്തിൽ സുപ്പർ മാർക്കറ്റുകളിലൂടെ ഉത്പന്നങ്ങൾ ആദ്യ ഘട്ടത്തിൽ വിപണനം നടത്താനാണ് തീരുമാനം.