മലബാർ ഗോൾഡിന് ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണം ഇറക്കുമതി ചെയ്യാം

കോഴിക്കോട്: ഇന്ത്യ ഇന്റർനാഷണൽ ബുള്ള്യൻ എക്സ്ചേഞ്ച് വഴി (ഐ.ഐ.ബി.എക്സ്.) സ്വർണം ഇറക്കുമതി ചെയ്യാനുള്ള ടി.ആർ.ക്യു. ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് ലൈസൻസ് നൽകുന്നത്.

ഇന്ത്യ-യു.എ.ഇ. സമഗ്ര പങ്കാളിത്ത കരാറിന് കീഴിൽ ഇന്ത്യ ഇന്റർനാഷണൽ ബുള്ള്യൻ എക്സ്ചേഞ്ച് വഴി സ്വർണം ഇറക്കുമതി ചെയ്യാൻ ഇതിലൂടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് കഴിയും. ഇത്തരത്തിലുള്ള അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പാണ് മലബാർ. സ്വർണം നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള ടി.ആർ.ക്യു. ലൈസൻസ് ലഭിച്ചത് ജ്വല്ലറി വിൽപന മേഖലയിൽ മുപ്പത് വർഷം പൂർത്തിയാക്കുന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഉണ്ടാക്കുകയെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ജ്വല്ലറി ഉത്പാദന രംഗത്തെ ചെലവ് കുറയ്ക്കുന്നതിനും മൂലധനത്തെ കാര്യക്ഷമമായി വിനിയോഗിക്കുന്നതിനും ഇതിലൂടെ കഴിയും. ലോകത്തിലെ ഒന്നാം നമ്പർ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന മലബാർ ഗ്രൂപ്പിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടു വെപ്പാണിതെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.