കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക്

കൊച്ചി.കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്‌റ്റേഷന്‍ ഇടച്ചിറ ജംഗ്ഷനില്‍ സ്ഥാപിക്കും. കെഎംആര്‍എല്‍ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ ഫെയ്‌സ് വണ്‍, ഫെയ്‌സ് ടു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. ഇന്‍ഫോപാര്‍ക്കിനുള്ളിലെ അവസാന സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ജനപ്രതിനിധികളുടെ നിര്‍ദേശം കെഎംആര്‍എല്‍ അംഗീകരിച്ചു. ഇടച്ചിറ സ്‌റ്റേഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റി പ്രദേശങ്ങളിലേക്കുള്ള അത്യാധുനിക വാക് വേ നിര്‍മാണം നഗരസഭ ഏറ്റെടുക്കും.

ഐടി ജീവനക്കാര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും. ഇന്‍ഫോപാര്‍ക്കില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോയെ ബന്ധിപ്പിക്കുന്നതിനും ഉടന്‍ തുടക്കമാകും. ചിറ്റേത്തുകര ജംഗ്ഷനിലെ സ്‌റ്റേഷനുമായി ബന്ധപ്പെട്ട് കാക്കനാട് ജലമെട്രോ ടെര്‍മിനലിലേക്കും യാത്രാസൗകര്യം ഒരുക്കും. മെട്രോ സ്‌റ്റേഷനുകളുടെ നിര്‍മാണം അടുത്തമാസം തുടങ്ങും. കൊച്ചി പ്രത്യേക സാമ്പത്തികമേഖല, കാക്കനാട് ജംഗ്ഷനുകളിലെ സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം ആരംഭിക്കാന്‍ പൈലിങ് തുടങ്ങി.

മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട് ചെമ്പുമുക്ക് സെന്റ് മൈക്കിള്‍സ് പള്ളിയുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ അടുത്ത ആഴ്ച യോഗം ചേരും. പടമുകള്‍ മെട്രോ സ്റ്റേഷന്റെ ആശങ്കയും പരിഹരിക്കും. പാലാരിവട്ടം, പാലാരിവട്ടം ബൈപാസ്, പടമുകള്‍, കാക്കനാട് ജങ്ഷന്‍, ചിറ്റേത്തുകര, ഇന്‍ഫോപാര്‍ക്ക് സെന്‍ട്രല്‍ ഏരിയ തുടങ്ങി പ്രധാനപ്പെട്ട അഞ്ചു ജംഗ്ഷനുകള്‍ വികസിപ്പിച്ച് ഗതാഗതക്കുരുക്ക് പരിഹരിച്ചാകും മെട്രോ നിര്‍മാണം തുടങ്ങുന്നത്.