ഫ്ലൈദുബായ്; 52 രാജ്യങ്ങളിലായി 120  കേന്ദ്രങ്ങളിലേക്ക് 

ദുബായ് : 2009 ജൂൺ ഒന്നിന് ദുബായിൽ നിന്ന് ബെയ്റൂട്ടിലേക്ക് എഫ് ഇസെഡ് 157 പറത്തിക്കൊണ്ട് തുടക്കമിട്ട  ഫ്ലൈദുബായ് 14 വർഷം പൂർത്തിയാക്കിയിരിക്കയാണ്. 

ഗൾഫ് മേഖലയിലെ ജനവിഭാഗങ്ങളുടെ  വിമാന യാത്രയെ സംബന്ധിച്ചേടത്തോളം വലിയ മാറ്റം സൃഷ്ടിക്കാൻ ഈ കാലയളവിൽ ഫ്ലൈ ദുബായ്ക്ക് സാധിച്ചതായി കമ്പനി ചെയർമാൻ ഷെയ്ക്ക് അഹമ്മദ് ബിൻ സയീദ് അൽ മഖ്തൂം പറഞ്ഞു..കൂടുതൽ സ്ഥലങ്ങളിലേക്ക്, ഇടയ്ക്കിടെ യാത്ര ചെയ്യാൻ ഇത് വഴി സാധിച്ചു. ദുബായിൽ നിന്ന് നേരത്തെ സർവീസില്ലാതിരുന്ന സ്ഥലങ്ങൾക്ക് പ്രാമുഖ്യം നൽകിയത് വ്യാപാരവും വിനോദ സഞ്ചാരവും ശക്തിപ്പെടാനും വിവിധ രാജ്യങ്ങളുമായുള്ള സാംസ്കാരിക- സാമൂഹ്യ  ബന്ധങ്ങൾക്ക് അടിത്തറയിടാനും കാരണമായി.

വെല്ലുവിളികൾക്കിടയിലും പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്ന് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് ഫ്ലൈദുബായ് തെളിയിച്ചിട്ടുണ്ട്. കമ്പനിയുടെ കാര്യക്ഷമതയും കരുത്തുറ്റ ബിസിനസ് മാതൃകയും ഇതിന് സഹായകമായി. മഹാമാരിയുടെ കാലത്ത് ജീവനക്കാരെ നിലനിർത്താനും സർവീസ് ശൃംഖല വർധിപ്പിക്കാനും കഴിഞ്ഞു. റെക്കാഡ് സമയത്തിനകം മഹാമാരിയ്ക്ക് മുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. കമ്പനിയുടെ സ്വന്തം വിഭവങ്ങൾ മാത്രം ഉപയോഗപ്പെടുത്തിയാണ് ഇതൊക്കെ സാധിച്ചത്. ഈ വിജയം യാഥാർഥ്യമാക്കിയ ഫ്ലൈ ദുബായ് മാനേജ്മെന്റിന്റേയും ജീവനക്കാരുടേയും കഠിനാദ്ധ്വാനത്തേ പ്രകീർത്തിച്ച ഷെയ്ക്ക് അഹമ്മദ് ബിൻ സയീദ് അൽ മക്ത്യൂം,  യു എ ഇ ഭരണ നേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായി ഇനിയും പുരോഗതിയിലേക്ക് കുതിക്കാൻ ഫ്ലൈദുബായ്ക്ക് കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

14 വർഷത്തിനിടയിൽ നിരവധി നാഴികക്കല്ലുകൾ സൃഷ്ടിക്കാൻ കഴിഞ്ഞതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഘയ്ത് അൽ ഘയ്ത്  പറഞ്ഞു. ഇറ്റലി മുതൽ തായ്ലന്റ് വരെ 52 രാജ്യങ്ങളിലായി 120  കേന്ദ്രങ്ങളിലേക്ക്  നിലവിൽ സർവീസ് നടത്തുന്നു. ദുബായിയിലേക്ക്  നേരിട്ട് സർവീസ് ഇല്ലാതിരുന്നതോ ദുബായ്  കേന്ദ്രമായ ദേശീയ എയർലൈൻ സർവീസ് നടത്താത്തതോ ആയ 75 പുതിയ റൂട്ടുകളിൽ സർവീസുകളാരംഭിക്കാൻ കഴിഞ്ഞു.136 രാജ്യങ്ങളിൽ നിന്നുള്ള  അയ്യായിരത്തോളം വിദഗ് ധരായ ജീവനക്കാർ കമ്പനിക്ക് ഇപ്പോഴുണ്ട്. ബോയിങ് 737 വിമാനങ്ങളുടെ എണ്ണം 78 ആണ്. ഇതുവരെയായി 9 കോടി ആളുകൾ ഫ്ലൈ ദുബായ് വിമാനങ്ങളിൽ യാത്ര ചെയ്തു.വിമാന യാത്ര കൂടുതൽ പ്രാപ്യമാക്കുകയും ദുബായിയുടെ സാമ്പത്തിക- വിനോദ സഞ്ചാര ലക്ഷ്യങ്ങളെ  പിന്തുണക്കുകയും ചെയ്യുമെന്ന ശപഥത്തോടു കൂടിയാണ് 14 വർഷങ്ങൾക്കപ്പുറം ഫ്ലൈ ദുബായിയുടെ ആദ്യ വിമാനം പറന്നുയർന്നതെന്ന് ഘയ്ത്   പറഞ്ഞു.മാറിവരുന്നവിപണിയ്ക്കും യാത്രക്കാരുടെ ഇഷ്ടങ്ങൾക്കുമനുസൃതമായി  നിലയുറപ്പിക്കാൻ കഴിഞ്ഞു. ദുബായിയുടെ വ്യോമയാന വളർച്ചയിൽ വലിയ പങ്ക് വഹിച്ചു. ഈയിടെ പ്രഖ്യാപിക്കപ്പെട്ട റെക്കാഡ് വരുമാനം, ജീവനക്കാരുടെ ക്ഷേമത്തിനും പുതിയ വിമാനങ്ങൾക്കുമായി തുടർന്നും നടത്തുന്ന നിക്ഷേപങ്ങൾ, ഇപ്പോൾ നടന്നുവരുന്ന  റിക്രൂട്ട്മെന്റ് എന്നിവ  പുതിയ ഉയരങ്ങളിലെത്താൻ എത്രമാത്രം ശക്തമാണ് കമ്പനി എന്ന് കാട്ടിത്തരുന്നു. ഓരോ ഫ്ലൈ ദുബായ് ജീവനക്കാരുടെയും തുടർന്നുമുള്ള കഠിനാദ്ധ്വാനവും പ്രതിബദ്ധതയും ഒന്നു കൊണ്ടു മാത്രമേ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളുവെന്ന്  ഘയ്ത് വ്യക്തമാക്കി.