കേരളത്തില്‍ ക്യൂബയുടെ വാക്‌സിന്‍ നിര്‍മാണ കേന്ദ്രം വരുന്നു

ആരോഗ്യ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.
പബ്ലിക് ഹെല്‍ത്ത് കെയര്‍, ട്രോപ്പിക്കല്‍ മെഡിസിന്‍, ന്യൂറോ സയന്‍സ് റിസര്‍ച്ച്, മോളിക്യുലാര്‍ ഇമ്മ്യൂണോളജി, കാന്‍സര്‍ ചികിത്സ തുടങ്ങിയ മേഖലകളില്‍ ലോകപ്രശസ്തമായ ക്യൂബന്‍ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചര്‍ച്ചയില്‍ സൂചിപ്പിച്ചു.
അന്താരാഷ്ട്ര നിലവാരത്തോടെ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ ക്യൂബന്‍ ബയോടെക്‌നോളജിയും ഫാര്‍മസ്യൂട്ടിക്കല്‍സും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ആരോഗ്യ അനുബന്ധ മേഖകളില്‍ ആ?ഗോള പങ്കാളിത്തവും നിക്ഷേപവും സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബയോക്യൂബഫാര്‍മയുമായി സഹകരിച്ച് കേരളത്തില്‍ ഒരു വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യവും അറിയിച്ചു. ക്യുബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ തമ്മില്‍ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കും. വാര്‍ഷിക ശില്‍പശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീര്‍ഘമായി നിലനിര്‍ത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തുടര്‍ നടപടികള്‍ക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. കേരളത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.
ആരോഗ്യ, ഗവേഷണ, നിര്‍മ്മാണ രംഗത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ക്യൂബന്‍ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും സംസാരിച്ചു.
ബയോക്യൂബഫാര്‍മ പ്രസിഡന്റ് എഡ്വാര്‍ഡോ മാര്‍ട്ടിനെസ് ഡിയസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സസ് ഡയറക്ടര്‍ ജനറല്‍ ഡോ. മിച്ചല്‍ വാല്‍ഡെസ് സോസ, സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ഇമ്മ്യൂണോളജി ഡയറക്ടര്‍ ജനറല്‍ എഡ്വാര്‍ഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
മന്ത്രി കെ എന്‍ ബാലഗോപാല്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.