മില്‍മയുടെ പാല്‍ വില്‍പ്പന വര്‍ധിച്ചു

ഗുണനിലവാരവും നൂതന വിപണന രീതികളും;വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി മില്‍മ
ജനുവരി മുതല്‍ മേയ് വരെയുള്ള പ്രതിദിന ശരാശരി പാല്‍വില്‍പ്പന 16.27 ലക്ഷം ലിറ്റര്‍
തിരുവനന്തപുരം: ഗുണനിലവാരം നിലനിര്‍ത്തിയും നൂതന വിപണന രീതികള്‍ ഫലപ്രദമായി ആവിഷ്ക്കരിച്ച് നടപ്പാക്കിയും വിപണിയില്‍ നേട്ടമുണ്ടാക്കി മില്‍മ. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ മില്‍മയുടെ പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലിറ്ററാണ്. 2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇത് 15.95 ലക്ഷം ലിറ്റര്‍ ആയിരുന്നു.
ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വിപണി വിപുലീകരിച്ചതും നൂതന മാറ്റങ്ങള്‍ വരുത്തിയതുമാണ് വില്‍പ്പനയില്‍ മില്‍മയ്ക്ക് ഗുണം ചെയ്തത്. സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള റീപൊസിഷനിംഗ് പദ്ധതി നടപ്പാക്കിയതിലൂടെ വിപണിയില്‍ മികച്ച ഇടപെടല്‍ നടത്താന്‍ മില്‍മയ്ക്കായി. ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തി നടപ്പാക്കിയ റീപൊസിഷനിംഗിലൂടെ ഒരേ വിലയിലും അളവിലുമാണ് മില്‍മ ഇപ്പോള്‍ പാല്‍ വില്‍ക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ മില്‍മയുടെ വിശ്വാസ്യതയും സ്വീകാര്യതയും കൂട്ടാനിടയാക്കി.

ഇക്കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കിയ റീപൊസിഷനിംഗിലൂടെ സംസ്ഥാനത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മ ഉത്പന്നങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല വികസിപ്പിക്കുവാനും ഗുണനിലവാരവും വിപണനവും മെച്ചപ്പെടുത്താനും വിപണിസാധ്യത പ്രയോജനപ്പെടുത്താനും ഈ പദ്ധതിയിലൂടെ സാധിച്ചു.

കേരളത്തിനകത്തും പുറത്തുമുള്ള ക്ഷീരോത്പന്ന ബ്രാന്‍ഡുകളുടെ വെല്ലുവിളി മറികടന്നാണ് മില്‍മ വില്‍പ്പന വര്‍ധിപ്പിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ഇന്ത്യയിലെ ചില ക്ഷീര സഹകരണ ഫെഡറേഷനുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പാല്‍ വില്‍ക്കുന്ന പ്രവണത വര്‍ധിക്കുന്നുണ്ട്. ഇത് ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന നടപടിയാണ്. ഇത്തരം വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും പാല്‍വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാനായത് മില്‍മയുടെ വിശ്വാസ്യതയും ഗുണനിലവാരവുമാണ് കാണിക്കുന്നത്. വരുമാനത്തിന്‍റെ 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മില്‍മയ്ക്കാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021-22 ല്‍ മില്‍മയുടെ മൊത്തം വിറ്റുവരവിന്‍റെ വര്‍ധനവ് 9 ശതമാനം ആയിരുന്നത് 2022-23 ല്‍ 12.5 ശതമാനം ആയി. ഇത് മില്‍മയുടെ വിപണി നേട്ടത്തെയാണ് കാണിക്കുന്നത്.

പാലുല്‍പ്പാദനവും വിപണനവും വര്‍ധിപ്പിക്കാനായതിനൊപ്പം സംഭരണത്തിലെ അപര്യാപ്തത കൂടി മറികടക്കാനാണ് മില്‍മ ശ്രമിക്കുന്നത്. സര്‍ക്കാരിന്‍റെയും വിവിധ വകുപ്പുകളുടെയും ഇടപെടലിലൂടെ ഈ ലക്ഷ്യം നിറവേറ്റുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ മില്‍മ ആലോചിക്കുന്നുണ്ട്.