ഐ.പി.ഒയുമായി 10 കമ്പനികള്‍

ഓഹരി സൂചികകള്‍ റെക്കോഡ് ഉയരം കുറിച്ചതോടെ നിക്ഷേപക ശ്രദ്ധ വീണ്ടും വിപണിയിലേക്ക്. ഏറെക്കാലം സുഷുപ്തിയിലായിരുന്ന പ്രാഥമിക വിപണി ഇതോടെ സജീവമായിട്ടുണ്ട്. നാല് കമ്പനികളാണ് ഐപിഒയുമായി ഈയാഴ്ചയെത്തുന്നത്. ആറ് കമ്പനികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നു.


ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ജൂലായ് 12 ആരംഭിക്കും. 14 വരെയാണ് അപേക്ഷിക്കാന്‍ കഴിയുക. ഓഹരിയൊന്നിന് 23-25 നിലവാരത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. 500 കോടി സമാഹരിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

സൂഷ്മ-ഇടത്തരം(എസ്.എം.ഇ)വിഭാഗത്തില്‍പ്പെട്ട കമ്പനികളുടേതാണ് മറ്റുള്ളവ. വാതിലുകള്‍, ജനലുകള്‍, പാര്‍ട്ടീഷനുകള്‍, കിച്ചണ്‍ കാബിനറ്റുകള്‍ തുടങ്ങി പോളിമര്‍ അധിഷ്ഠിത വസ്തുക്കളുടെ നിര്‍മാതാക്കളായ കാക്ക ഇന്‍ഡസ്ട്രീസിന്റെ ഐപിഒ ജൂലായ് 10മുതലാണ്. ഓഹരിയൊന്നിന് 55-58 രൂപ നിലവാരത്തിലായിരിക്കും വില. 21.23 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

വിവിധ മേഖലകളിലെ സേവന ദാതാക്കളായ സര്‍വീസ് കെയറിന്റെ പ്രാഥമിക ഓഹരി വില്പന 14ന് ആരംഭിച്ച് 18ന് അവസാനിക്കും. ഇഷ്യുവില ഇനിയും നിശ്ചയിച്ചിട്ടില്ല. 30.86 ലക്ഷം ഓഹരികളാണ് കമ്പനി പുറത്തിറക്കുക.

ഡ്രോണ്‍ പരിശീലന കമ്പനിയായ ഡ്രോണ്‍ ഡെസ്റ്റിനേഷന്റെയും ഡിജിറ്റല്‍ ടെക്‌നോളജി കമ്പനിയായ ആക്‌സിലറേറ്റ്ബിഎസിന്റെയും ഐപിഒ ജൂലായ് ഏഴിന് ആരംഭിക്കും.

ലിസ്റ്റ് ചെയ്യുന്നവ
ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണ-സേവന മേഖലയിലെ സയന്റ് ഡിഎല്‍എം-ന്റെ ലിസ്റ്റിങോടെയാണ് തുടക്കം. ഐപിഒ വിലയായ 265 രൂപയേക്കാള്‍ 60 ശതമാനത്തോളം നേട്ടത്തില്‍ 425 രൂപ നിലവാരത്തിലയിരുന്നു ലിസ്റ്റിങ്.ഗ്രേമാര്‍ക്കറ്റ് പ്രീമിയം 50 ശതമാനം വരെ ഉയര്‍ന്നിരുന്നു.

(അനൗദ്യോഗിക വിപണിയില്‍ ഓഹരികള്‍ക്ക് ലഭിക്കുന്ന പ്രീമിയത്തെയാണ് ഗ്രേമാര്‍ക്കറ്റ് പ്രീമിയമെന്ന് വിശേഷിപ്പിക്കുന്നത്. ഓഹരി ലിസ്റ്റ് ചെയ്യുമ്പോള്‍ ലഭിക്കാവുന്ന നേട്ടത്തെയാണ് ഗ്രേ മര്‍ക്കറ്റ് പ്രീമിയം സൂചിപ്പിക്കുന്നത്).

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ജുവല്ലറി റീട്ടെയിലറായ സെന്‍കോ ഗോള്‍ഡ് ജൂലായ് 14നാണ് വിപണിയില്‍ അരങ്ങേറ്റം കുറിക്കുക. േ്രഗ മാര്‍ക്കറ്റ് പ്രീമിയം 35 ശതമാനം വരെ ഉയര്‍ന്നിരുന്നു.

എസ്എംഇ വിഭാഗത്തിലും നാല് ലിസ്റ്റിങ്ങുകള്‍ ഉണ്ടാകും. ഗ്ലോബല്‍ പെറ്റ് ഇന്‍ഡസ്ട്രീസ്, സിനോപ്റ്റിക്‌സ് ടെക്‌നോളജീസ്, ത്രധ്യ ടെക്, ആല്‍ഫലോജിക് ഇന്‍ഡസ്ട്രീസ് എന്നിവയുമാണവ.