റിലയന്‍സ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഹരിവിപണിയില്‍

മുംബൈ. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന് കീഴിലുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് തിങ്കളാഴ്ച ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. എന്‍എസ്ഇയില്‍ ഓഹരി ഒന്നിന് 261.85 രൂപ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയിലാകട്ടെ ഓഹരി ഒന്നിന് 265 രൂപ നിരക്കിലുമാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ലിസ്റ്റിങ്ങിന്റെ സമയത്തെ ജിയോ ഫിനാന്‍ഷ്യലിന്റെ ഓഹരി വിപണി മൂല്യം (മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍) 1.66 ലക്ഷം കോടി രൂപയായിരുന്നു.
ജൂലൈ 21-ന് സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനായി പ്രത്യേക പ്രീ-ഓപ്പണ്‍ സെഷന്‍ നടത്തിയിരുന്നു. അന്ന് ഓഹരിയൊന്നിന് 261.85 രൂപാ നിരക്കിലാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1.65 ലക്ഷം കോടി രൂപയായിരുന്നു.
അടുത്ത പത്ത് സെഷനുകളില്‍ ഓഹരി ട്രേഡ്-ടു-ട്രേഡ് വിഭാഗത്തിലായിരിക്കും. എന്‍ബിഎഫ്സി (നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി) മാര്‍ക്കറ്റ്, ക്രെഡിറ്റ് മാര്‍ക്കറ്റ് എന്നീ മേഖലകളിലായിരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആദ്യം പ്രവര്‍ത്തിക്കുക. പിന്നീട് ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പേമെന്റ്, അസറ്റ് മാനേജ്മെന്റ് വെര്‍ട്ടിക്കലുകള്‍ എന്നിവയില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും.
മാതൃ കമ്പനിയില്‍ നിന്ന് വേര്‍പെട്ടതിന്റെ (ഡിമെര്‍ജറിന്റെ) ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിയ്ക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി വീതം ലഭിക്കും.
സാമ്പത്തിക സേവന മേഖലയില്‍ വളര്‍ച്ചാ സാധ്യതകള്‍ ഉന്നമിട്ടാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രവര്‍ത്തിക്കുകയെന്ന് കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഓഹരി ഉടമകള്‍ക്കുള്ള സന്ദേശത്തില്‍ റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. കൂടാതെ, ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക മേഖലയെ മാറ്റി മറിക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിഫ്റ്റിയില്‍ 51-ാമത്തെയും സെന്‍സെക്സില്‍ 31-ാമത്തെയും ഓഹരിയായാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള മൂന്നാമത്തെ ദിവസം ഓഹരി രണ്ട് സ്റ്റോക് എക്സ്ചേഞ്ചുകളില്‍ നിന്നും നീക്കം ചെയ്യപ്പെടും. അതായത് ഓഗസ്റ്റ് 24 വരെയാകും ഓഹരികള്‍ ലിസ്റ്റ് ചെയ്യുക.