ഈ ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഇപ്പോള്‍ കോടീശ്വരര്‍

അഗ്രോകെമിക്കല്‍, കീടനാശിനി കമ്ബനിയായ കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡ് (Kilpest India Ltd) കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് വലിയ വരുമാനം നല്‍കിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡില്‍ നിക്ഷേപിച്ച സ്മോള്‍ക്യാപിറ്റല്‍ സ്റ്റോക്ക് നിക്ഷേപകരുടെ സമ്ബത്ത് ഇരട്ടിയിലധികമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കമ്ബനിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകര്‍ വെറും 8 വര്‍ഷം കൊണ്ട് കോടീശ്വരന്മാരായി.

കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ (Nuvama) ശുപാര്‍ശ ചെയ്തിരുന്നു. നുവാമയുടെ വിശകലനം അനുസരിച്ച്‌, ഇന്ത്യയില്‍ നിലവില്‍ ഏകദേശം 300-400 കോടി രൂപ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്സ് മാര്‍ക്കറ്റുണ്ട്. ഇതില്‍ 10 മുതല്‍ 12.5 ശതമാനം വരെ വിപണി വിഹിതം കില്‍പെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റേതാണ്.

തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച ഉടൻ തന്നെ കില്‍പെസ്റ്റ് ഇന്ത്യയുടെ ഓഹരികള്‍ 3 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. രാവിലെ 10:05 ആയപ്പോള്‍ ബിഎസ്‌ഇയില്‍ 2.99 ശതമാനം ഉയര്‍ന്ന് 806.2 എന്ന നിലയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.

ഈ സ്മോള്‍ക്യാപിറ്റല്‍ സ്റ്റോക്ക് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഏകദേശം 90 ശതമാനവും കഴിഞ്ഞ ഒരു മാസ കാലയളവില്‍ 36 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

2015 സെപ്റ്റംബറില്‍, ഒരു കില്‍പെസ്റ്റ് ഓഹരിയുടെ വില 7.90 രൂപയായിരുന്നു. നിലവില്‍, ഇത് 10155 ശതമാനം ഉയര്‍ന്ന് 818 രൂപയിലെത്തി. വെറും എട്ട് വര്‍ഷം മുൻപ്, കില്‍പെസ്റ്റില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ വരുമാനം ഒരു കോടിയിലധികമായി. കില്‍പെസ്റ്റ് ഇന്ത്യ ഒരു മള്‍ട്ടിബാഗര്‍ സ്റ്റോക്കായി മാറിയിരിക്കുന്നു എന്നും ഹ്രസ്വകാല നിക്ഷേപകര്‍ക്കും ദീര്‍ഘകാല നിക്ഷേപകര്‍ക്കും നല്ല വരുമാനം നല്‍കുന്നു എന്നും സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു.

2022 സെപ്റ്റംബര്‍ 29 ന്, കില്‍പെസ്റ്റ് ഓഹരി, ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 315.05 രൂപയില്‍ എത്തിയിരുന്നു. ഇതിനുശേഷം, ഒരു വര്‍ഷത്തിനുള്ളില്‍, അതിന്റെ മൂല്യം ഇരട്ടിയിലധികം വര്‍ധിക്കുകയും 2023 സെപ്റ്റംബര്‍ 11-ന് 867 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. എങ്കിലും കഴിഞ്ഞ 52 ആഴ്‌ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 867 രൂപയേക്കാള്‍ 6 ശതമാനം കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഈ ഓഹരി വ്യാപാരം നടക്കുന്നത്.