വിനായകന്റെ വര്‍മന്‍ വേഷത്തിന് പ്രതിഫലം എത്ര?


തിരുവനന്തപുരം- രജനീകാന്തിന്റെ ജയിലറില്‍ മലയാളത്തിലെ അഭിമാന താരമായ വിനായകന്‍ അഭിനയിച്ച ശ്രദ്ധേയമായ വില്ലന്‍ വേഷം ഇന്ന് തെന്നിന്ത്യയിലാകെ ചര്‍ച്ചയാണ്. തമിഴിലാകട്ടെ യൂടുബ് ചാനലുകളും സോഷ്യല്‍ മീഡിയയും വിനായകന്റെ ചരിത്രം തികയുന്ന തിരക്കിലാണ്.
പത്താംക്ലാസ് മൂന്നു തവണ തോറ്റ വിനായകന്‍ മഹാരാജാസ് കോളജില്‍ പഠിച്ചിട്ടുണ്ടെന്നു വരെ അടുത്തിടെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം വിനായകന്‍ നിരസിച്ചു. തന്നെക്കുറിച്ച് ഒരുപാട് കിംവദന്തി പരക്കുകയാണെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രജനീകാന്ത് നായകനായി എത്തിയ ജയിലര്‍ സൂപ്പര്‍ വിജയമായതോടെ വിനായകന്റെ ഗ്രാഫും ഉയര്‍ന്നു. നെല്‍സന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകനാണ് വില്ലന്‍ വേഷത്തില്‍ എത്തിയത്. വര്‍മന്‍ എന്ന കൊടും ക്രൂര വില്ലനായാണ് വിനായകന്‍ വേഷമിട്ടത്. താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായമാണ് നേടിയത്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങിനൊന്നും വിനായകന്‍ എത്തിയിരുന്നില്ല.
പ്രതിഫലത്തെക്കുറിച്ചും ഒട്ടേറെ പ്രചാരണമുണ്ടായി 35 ലക്ഷമെന്ന് ചിലര്‍ പ്രചരിപ്പിച്ചത് നടന്‍ തന്നെ തള്ളി. ചോദിച്ച പ്രതിഫലമാണ് അവര്‍ തന്നത്. സെറ്റില്‍ പൊന്നുപോലെ നോക്കി. ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ലഭിച്ചു. എനിക്ക് അത്രയൊക്കെ മതിയെന്നും വിനായകന്‍ പറഞ്ഞു. അതേസമയം ഒരു വര്‍ഷം നീണ്ടുനിന്നതിനാല്‍ ഒരു കോടി രൂപയാണ് വിനായകന്‍ പ്രതിഫലം വാങ്ങിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.