യൂറോപ്പില്‍ ലുലു സജീവമാകുന്നു; പോളണ്ടിലും പദ്ധതി

വാഴ്സാ: റീട്ടെയ്ല്‍ വ്യവസായ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ലുലു, മധ്യയൂറോപ്പ്യൻ ദേശത്ത് കൂടി സാന്നിദ്ധ്യം ശക്തമാക്കി.

വടക്കൻ ഇറ്റലിക്ക് പുറമേ പോളണ്ടിലും പുതിയ പദ്ധതികള്‍ക്ക് ധാരണയായി. പോളണ്ടിന്റെ കാര്‍ഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്ന പദ്ധതികള്‍ക്കാണ് ലുലു തുടക്കമിട്ടിരിക്കുന്നത്. വികസന നയങ്ങളുടെ ഭാഗമായി രണ്ട് നിര്‍ണ്ണായക കരാറുകളില്‍ പോളണ്ട് സര്‍ക്കാരുമായി ലുലു ഗ്രൂപ്പ് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.

രണ്ടായിരത്തിലധികം തടാകങ്ങളുള്ളതും പോളണ്ടിന്റെ വടക്കൻ പ്രദേശമായ
മസൂറിയൻ ലേക്ക് ഡിസ്ട്രിക്റ്റിലേക്ക് മിഴിതുറക്കുന്ന ഓള്‍സ്റ്റൈൻ മസൂറി എയര്‍പോര്‍ട്ടിലാണ് ലുലു ഗ്രൂപ്പിന്റെ മധ്യയൂറോപ്പ്യൻ മേഖലയിലെ പുതിയ പദ്ധതി. ലോവര്‍ വിസ്റ്റുല മുതല്‍ പോളണ്ട്- റഷ്യ അതിര്‍ത്തി വരെ വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ലേക്ക് ഡിസ്ക്രട്രിക്ടില്‍ നിന്നുള്ള നവീനമായ പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ എന്നിവ ശേഖരിച്ച്‌ കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രമാണ് ഇവിടെ തുറക്കുക. മധ്യയൂറോപ്പ്യൻ മേഖലയിലെ ഏറ്റവും സ്വാദിഷ്ഠമായ ബെറി, ആപ്പിള്‍, ചീസ് മുതല്‍ പചക്കറി, ഇറച്ചി ഉല്‍പ്പന്നങ്ങള്‍ വരെ ഈ ഭക്ഷ്യസംസ്കാരണ കയറ്റുമതി കേന്ദ്രത്തിലൂടെ ഇന്ത്യ, മിഡില്‍ ഈസ്റ്റ് അടക്കമുള്ള മേഖലയില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ദൗത്യം. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മിതമായ നിരക്കില്‍ മധ്യയൂറോപ്പ്യൻ വിഭവങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താകള്‍ക്ക് ലഭിക്കുന്നത്. പോളണ്ടിലെ കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സഹായകരമാകുന്നത് കൂടിയാണ് പദ്ധതി.

പോളണ്ടിലെ വിവിധയിടങ്ങളില്‍ നിക്ഷേപപദ്ധതികള്‍ വിപുലമാക്കുന്നതിന് വഴിതുറക്കുന്ന ധാരണാപത്രത്തില്‍ പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയും ലുലു ഗ്രൂപ്പും ഒപ്പുവച്ചു. പോളണ്ടില്‍ ലുലു ഗ്രൂപ്പിന്റെ നിക്ഷേപസാധ്യതകള്‍ സുഗമമാക്കുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനുമായാണ് ധാരണ. ലുലുവിന്റെ കൂടുതല്‍ നിക്ഷേപസാധ്യകള്‍ പോളണ്ടില്‍‌ ആരംഭിക്കുന്നതിന് കൂടിയാണ് വഴി തുറന്നിരിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഫ്ലാഗ് ഓഫ്, ഓള്‍സ്‌റ്റിൻ മസൂറി എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ബോര്‍ഡ് പ്രസിഡന്റ് വിക്ടര്‍ വോജ്‌സിക്കിന്റെ സാന്നിധ്യത്തില്‍ വാര്‍മിൻസ്‌കോ-മസുര്‍സ്‌കി റീജിയൻ ഗവര്‍ണര്‍ ഗുസ്‌റ്റോ മാരേക് ബ്രെസിൻ, ലുലു ഗ്രൂപ്പ് ചെയര്‍മാൻ യൂസഫ് അലി എം.എ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

പോളണ്ടിലെ യുഎഇ അംബാസഡര്‍ മുഹമ്മദ് അല്‍ ഹര്‍ബി, യുഎഇയിലെ പോളണ്ട് അംബാസഡര്‍ ജാക്കൂബ് സ്ലാവെക്, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, പോളിഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ട്രേഡ് ഏജൻസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചടങ്ങില്‍ ഭാഗമായി. ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായി പോളണ്ടിലെ കാര്‍ഷിക സഹകരണ സംഘങ്ങളുമായി ലുലു ഗ്രൂപ്പ് കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കി കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് സംഭരിച്ച്‌ ലോകത്തെ വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ മധ്യയൂറോപ്പ്യൻ മേഖലയിലെ ഭക്ഷ്യഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുകയാണ് പോളണ്ടിലെ പദ്ധതിയിലൂടെ ലുലു. ആദ്യഘട്ടമായി 50 മില്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള കാലയളവില്‍ കയറ്റുമതിയുടെ തോത് വര്‍ധിപ്പിച്ച്‌ വലിയ കയറ്റുമതി സാധ്യതകൂടിയാണ് തുറക്കുന്നത്. പ്രദേശികമായി നിരവധി പേര്‍ക്ക് പുതിയ തൊഴിലവസരം ഒരുങ്ങും.

“ഭക്ഷ്യസുരക്ഷാപ്രോത്സാഹനത്തിനുള്ള ലുലുവിന്റെ ചുവടുവയ്പ്പിന്റെ ഭാഗമായാണ് യൂറോപ്പിലെ പദ്ധതികള്‍. അന്താരാഷ്ട്ര തലത്തില്‍ സ്ഥിരതയുള്ള ഭക്ഷ്യഉല്‍പ്പന്ന വിതരണശ്രംഖലയാണ് ലുലുവിന്റെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായാണ് യൂറോപ്പിലും ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങള്‍ തുറക്കുന്നത്. പോളിഷ് ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ നേരിട്ട് വിവിധയിടങ്ങളിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിക്കാനാകും. പോളണ്ടിലെ കാര്‍ഷിക മേഖലയ്ക്ക് കൂടി കൈത്താങ്ങാകുന്നതാണ് പദ്ധതിയെന്നത് ഏറെ സന്തോഷം നല്‍കുന്നു” വാര്‍സോയിലെ പ്രസിഡൻഷ്യല്‍ പാലസില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ യൂസഫലി പറഞ്ഞു.

പോളണ്ടിലെ ലുലുവിന്റെ നിക്ഷേപപദ്ധതികളെ പ്രശംസിച്ച പോളണ്ട് പ്രസിഡന്റിന്റെ ഉപദേഷ്ടാവ സിഡ്സിസ്ലോ സോകാല്‍, പ്രാദേശിക വികസനത്തിന് കൂടി വഴിവയ്ക്കുന്ന ഇത്തരം പദ്ധതികള്‍ നാടിന്റെ കൂടി ആവശ്യമാണെന്നും കൂട്ടിചേര്‍‌ത്തു.