വില്‍പ്പനസമ്മര്‍ദ്ദം; ഓഹരിവിപണി താഴേക്ക്

മുംബൈ: റെക്കോര്‍ഡുകളിട്ട രാജ്യത്തെ ഓഹരിവിപണിയില്‍ വില്പനസമ്മര്‍ദ്ദം സജീവമായി. ചരിത്രം ഭേദിച്ച് 67927 പോയിന്‍ിലെത്തിയ ബി.എസ്.ഇ രണ്ടായിരത്തിലധികം പോയിന്റ് കഴിഞ്ഞ ആഴ്ച്ചയില്‍ ഇടിഞ്ഞു. ഇന്നും നെഗറ്റീവ് ട്രന്‍ഡിലാണ് വിപണി.
നയതന്ത്ര ബന്ധത്തിലുളവായ വിള്ളലാണ് കഴിഞ്ഞയാഴ്ച്ച ഓഹരി ഇന്‍ഡക്‌സുകളില്‍ കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.. കാനഡയുമായുള്ള ഉലച്ചില്‍ സ്ഥിതിഗതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയില്‍ രാജ്യാന്തര ഫണ്ടുകള്‍ ഇന്ത്യയിലെ നിക്ഷേപം തിരിച്ചുപിടിക്കാന്‍ കാണിച്ച വ്യഗ്രതയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഉലഞ്ഞു.
വിപണിയിലെ തകര്‍ച്ച അവസാനിച്ചതായി വിലയിരുത്താന്‍ സമയമായിട്ടില്ല. ഇനിയും ഇടിയുമെന്നാണു കണക്കുകൂട്ടല്‍. പതിനഞ്ച് മാസത്തിനിടയിലെ ഏറ്റവും മോശം പ്രകടനം വഴി വിപണിക്ക് മൂന്നു ശതമാനം നഷ്ടമുണ്ടായി. സെന്‍സെക്‌സ് 1829 പോയിന്റും നിഫ്റ്റി 518 പോയിന്റും താഴ്ന്നു.
വിദേശ ഫണ്ടുകളുടെ വില്‍പനയും ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന്റെ മികവും ഫെഡ് റിസര്‍വ് പലിശയില്‍ മാറ്റം വരുത്തിയില്ലെങ്കിലും ശരാശരി നിരക്ക് 4.60 ശതമാനത്തില്‍നിന്ന് 5.10 ആക്കി. ഇതിനിടയില്‍ ക്രൂഡ് ഓയില്‍ വിലക്കയറ്റവും വിപണിയെ സ്വാധീനിച്ചു.
മൂന്നാഴ്ചകളിലെ ബുള്‍ റാലിയില്‍ സംഭരിച്ച 2967 പോയിന്റില്‍ സെന്‍സെക്‌സിന് 1829 നഷ്ടപ്പെട്ടു. നിഫ്റ്റി ഈ കാലയളവില്‍ വാരിക്കൂട്ടിയ 926 പോയിന്റില്‍ 518 പോയിന്റ് കഴിഞ്ഞ വാരം നഷ്ടമായി. ഒരു പരിധിവരെ ഫണ്ടുകളുടെ ലാഭമെടുപ്പും തിരുത്തല്‍ ശക്തമാക്കി.
നിഫ്റ്റിയുടെ 50 ദിവസങ്ങളിലെ ശരാശരി വിലയിരുത്തിയാല്‍ 19,600-19,500ല്‍ താങ്ങ് പ്രതീക്ഷിക്കാം. ഈ റേഞ്ചില്‍ നിന്ന് ഉയര്‍ന്നാല്‍ 19,800-900 ല്‍ പ്രതിരോധം തലയുയര്‍ത്തും.
സാങ്കേതികമായി പ്രതിവാര ചാര്‍ട്ടുകള്‍ കരടി വലയത്തിലായത് സമീപ ഭാവിയില്‍ ദുര്‍ബല വികാരത്തിന് ഇടയാക്കാം. എന്നാല്‍ നിഫ്റ്റി ഡെയ്ലി ചാര്‍ട്ടില്‍ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക്, ഫുള്‍ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവര്‍ ബ്രോട്ടില്‍നിന്നും ഓവര്‍ സോള്‍ഡായത് കണക്കിലെടുത്താല്‍ വാരമദ്ധ്യത്തോടെ തിരിച്ചുവരവിന് ശ്രമിക്കും.

നിഫ്റ്റി 20,192ല്‍ നിന്നും മികവിന് അവസരം ലഭിക്കാതെ ആടിയുലഞ്ഞ് 19,734ലെ സപ്പോര്‍ട്ട് തകര്‍ത്ത് 19,657വരെ ഇടിഞ്ഞെങ്കിലും ക്ലോസിംഗില്‍ 19,674 പോയിന്റിലാണ്. ഈ വാരം 19,491ലും 19,309ലും താങ്ങുണ്ട്, സൂചികയുടെ പ്രതിരോധം 20,021 ലാണ്. മൂന്നാഴ്ച ബുള്ളിഷായി നീങ്ങിയ സൂപ്പര്‍ ട്രെന്റ് പോയവാരം സെല്ലിംഗ് മൂഡിലായി, പാരാബോളിക് എസ്എആറും സെല്‍ സിഗ്‌നല്‍ നല്‍കി.
നിഫ്റ്റി ഫ്യൂച്ചറില്‍ കഴിഞ്ഞവാരം 125.9 ലക്ഷം കരാറുകളായിരുന്നത് വാരാന്ത്യം 118.6 ലക്ഷത്തിലേയ്ക്ക് ഇടിഞ്ഞു. ഒരേസമയം സൂചികയുടെ മൂല്യത്തിലും വ്യാപ്തിയിലുമുണ്ടായ ഇടിവ് ദീര്‍ഘ അഴിച്ചു പണികള്‍ക്ക് ഓപ്പറേറ്റര്‍മാരെ പ്രേരിപ്പിക്കാം. വ്യാഴാഴ്ച സെപ്റ്റംബര്‍ സീരീസ് സെറ്റില്‍മെന്റായതിനാല്‍ വാരമധ്യം ഷോട്ട് കവറിംഗ് ഊഹക്കച്ചവടക്കാര്‍ നടത്താം. ഇതിനിടയില്‍ റോള്‍ ഓള്‍ ഓവറും വിപണിയില്‍ അരങ്ങേറാം. നിഫ്റ്റി സെപ്റ്റംബര്‍ ഫ്യൂച്ചര്‍ 19,705ലാണ്, സൂചികയ്ക്ക് 19,800ല്‍ പ്രതിരോധവും 19,400ല്‍ ശക്തമായ താങ്ങുമുണ്ട്.

ബോംബെ സെന്‍സെക്‌സ് 67,786 പോയിന്റില്‍നിന്നും വില്‍പന തരംഗത്തില്‍ 65,952വരെ ഇടിഞ്ഞശേഷം വാരാന്ത്യം 66,009ലാണ്. കഴിഞ്ഞ ദിവസങ്ങളിലെ സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയെന്നോണം വീണ്ടും ലാഭമെടുപ്പിന് നീക്കം നടന്നാല്‍ 65,378 64,748 പോയിന്റ് വരെ തിരുത്തല്‍ തുടരാം.
വിദേശ ഫണ്ടുകള്‍ നാല് ദിവസങ്ങളില്‍ 8682 കോടി രൂപയുടെ വില്‍പന നടത്തി, പത്ത് ആഴ്ചകളില്‍ ഇത്തരം കനത്ത വില്‍പന അവരുടെ ഭാഗത്തുനിന്നും ആദ്യം. ആഭ്യന്തര ഫണ്ടുകള്‍ 2512 കോടി രൂപയുടെ വാങ്ങലും 573 കോടി രൂപയുടെ വില്‍പനയും നടത്തി.

വിദേശനാണ്യ കരുതല്‍ശേഖരം 867 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 593.037 ബില്യണ്‍ ഡോളറായി. വിദേശ നിക്ഷേപത്തില്‍ കരുതല്‍ ധനം 600 ബില്യനിലേയ്ക്ക് അടുക്കുമെന്ന് കണക്ക് കൂട്ടിയ സന്ദര്‍ഭത്തില്‍ കാനഡ പ്രശ്‌നങ്ങള്‍ തല ഉയര്‍ത്തുന്നത് കരുതല്‍ ധനത്തെ ബാധിക്കും.

ഇതിനിടയില്‍ ജെപി മോര്‍ഗണ്‍ ഗവണ്‍മെന്റ് ബോണ്ട് ഇന്‍ഡക്‌സ് എമേര്‍ജിംഗ് മാര്‍ക്കറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ബോണ്ടുകള്‍ അടുത്ത ജൂണില്‍ ഉള്‍പ്പെടുത്തും. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സാമ്ബത്തിക മുന്നേറ്റത്തിനുള്ള വാതായനമായി ഈ നീക്കത്തെ വിലയിരുത്താം. കടപ്പത്രത്തിലേയ്ക്കുള്ള വിദേശ പണ പ്രവാഹത്തിലൂടെ ഒറ്റ വര്‍ഷത്തില്‍ വിദേശ പ്രത്യക്ഷ നിക്ഷപേം 25 ബില്യണ്‍ ഡോളര്‍വരെ ഉയരാം. പത്തു വര്‍ഷം മുന്‍പ് കേവലം 274 ബില്യണ്‍ ഡോളറായിരുന്നത് കരുതല്‍ ധനം രണ്ടു വര്‍ഷം മുന്‍പ് റെക്കോര്‍ഡായ 645 ബില്യണ്‍ ഡോളറിലെത്തി. കാര്യങ്ങള്‍ അനുകൂലമായാല്‍ വരുന്ന രണ്ടു വര്‍ഷങ്ങളില്‍ 700 ബില്യന്‍ ഡോളറിന് മുകളില്‍ ഇന്ത്യ ഇടം പിടിക്കാം. ഇതിനു പുറമേ ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ അഗ്രഗേറ്റ് ഇന്‍ഡക്‌സിലേയ്ക്കും ഇന്ത്യ ഉറ്റുനോക്കുന്നു.