ഐ.ബി.എമ്മിന്റെ കൊച്ചി സോഫ്റ്റ് വെയര്‍ ലാബിനെ രാജ്യാന്തരതലത്തേക്ക് ഉയര്‍ത്തും

കൊച്ചി: ആഗോള തലത്തില്‍ തന്നെ വൻകിട ഐടി കമ്പനികളില്‍ ഒന്നായ ഐബിഎമ്മിന്റെ കൊച്ചിയിലെ സോഫ്റ്റ്‌വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കി മാറ്റാൻ ഒരുങ്ങി കമ്പനി.

ഇത് കേരളത്തിന് അഭിമാനനേട്ടമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് പ്രവര്‍ത്തനം വിപുലീകരിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഐബിഎം ലാബ് രാജ്യത്തെ പ്രധാന സോഫ്റ്റ്‌വെയര്‍ ലാബ് ആകുന്നതോടെ ഐബിഎമ്മിന്റെ സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന വൻകിട അന്താരാഷ്‌ട്ര കമ്പനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യത വര്‍ധിക്കുകയാണെന്നും, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്ന മുഴുവൻ സമയ പ്രതിഫലം ലഭിക്കുന്ന ഇന്റേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിനാകെ അഭിമാനകരമായ തീരുമാനമാണ് കഴിഞ്ഞ ദിവസം ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ ഞങ്ങളുമായി പങ്കുവെച്ചത്. കൊച്ചിയിലെ ഐബിഎം സോഫ്റ്റ്വെയര്‍ ലാബിനെ ഇന്ത്യയിലെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കുമെന്ന് അദ്ദേഹം കേരളത്തിന് ഉറപ്പ് നല്‍കി. ഐബിഎമ്മിന്റെ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷമാകുമ്ബോഴാണ് കേരളത്തിലെ പ്രവര്‍ത്തനം വിപുലീകരിക്കാൻ ഐബിഎം ഒരുങ്ങുന്നത്. ഇതിനൊപ്പം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറുമാസം നീണ്ടു നില്‍ക്കുന്ന മുഴുവൻ സമയ പ്രതിഫലം ലഭിക്കുന്ന ഇൻറേണ്‍ഷിപ്പ് നല്‍കാനും ഐബിഎമ്മുമായി ധാരണയായി. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാൻ പോവുകയാണ്.

കൊച്ചിയിലെ ഐബിഎം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ ഐബിഎമ്മിന്റെ സോഫ്റ്റ്വെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഒന്നാം കിട ആഗോള കമ്ബനികള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതയും വര്‍ധിക്കുകയാണ്. ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ ചില കമ്ബനികള്‍ ഉപയോഗിക്കുന്ന പല എഐ, ഡാറ്റാ സോഫ്റ്റ്വെയറുകളും കേരളത്തില്‍ വികസിപ്പിച്ചെടുത്തതാണെന്ന ദിനേശ് നിര്‍മ്മലിന്റെ വാക്കുകള്‍ മലയാളികള്‍ക്കാകെ അഭിമാനിക്കാനുള്ളൊരു കാര്യമാണ്.

പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാര്‍ത്ഥികളെ ഇൻറേണ്‍ഷിപ്പിനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണ്. സംസ്ഥാനത്തെ വിജ്ഞാന സമ്ബദ് വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഐബിഎം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്‌റ്റ്വെയര്‍ ലാബ് കേരളത്തില്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്. കൊച്ചി ഇൻഫോപാര്‍ക്കില്‍ തുടങ്ങിയ ലാബ് ഒരു വര്‍ഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്റ്റ്വെയര്‍ വികസന കേന്ദ്രമായി കൊച്ചി മാറി. നിലവില്‍ 1500ല്‍പരം ജീവനക്കാരാണ് കൊച്ചി ലാബില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐബിഎം മാറാനൊരുങ്ങുകയാണ്.