റിലയന്‍സില്‍ പുതുതലമുറ അരങ്ങേറ്റം കുറിച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് അംഗങ്ങളായി മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരെ നിയമിക്കാനുള്ള തീരുമാനത്തിന് ബോര്‍ഡംഗങ്ങളുടെ അംഗീകാരം ലഭിച്ചു.

ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന റിലയൻസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് തലമുറമാറ്റം പ്രഖ്യാപിച്ചത്. നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായാണ് മൂവരെയും നിയമിച്ചത്. വേണ്ടതിലും അധികം ഭൂരിപക്ഷത്തോടെയാണ് മൂവരുടെയും നിയമനത്തിന് അംഗീകാരം ലഭിച്ചതെന്ന് കമ്ബനി അറിയിച്ചു.

98.21 ശതമാനം വോട്ടുകള്‍ നല്‍കിയാണ് ഇഷ അംബാനിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള നിയമനത്തിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയത്. ആകാശ് അംബാനിക്ക് 98.06 ശതമാനം വോട്ടും അനന്ത് അംബാനിക്ക് അനുകൂലമായി 92.75 ശതമാനം വോട്ടും ലഭിച്ചു.

ഇഷ, ആകാശ്, അനന്ത് എന്നിവരെ റിലയൻസ് ഇൻഡസ്ട്രീസിലെ വിവിധ ബിസിനസുകളുടെ തലപ്പത്തേക്ക് ക്രമേണ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. 2021 ഡിസംബറില്‍ മുകേഷ് അംബാനി കമ്ബനിയിലെ നേതൃമാറ്റത്തെക്കുറിച്ച്‌ സൂചന നല്‍കിയിരുന്നു. “ആകാശ്, ഇഷ, അനന്ത് എന്നിവര്‍ അടുത്ത തലമുറയിലെ നേതാക്കളെന്ന നിലയില്‍ റിലയൻസിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നതില്‍ എനിക്ക് സംശയമില്ല”, എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിത അംബാനി റിലയൻസ് ബോര്‍ഡില്‍ നിന്ന് പടിയിറങ്ങിയിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണായി നിത അംബാനി തുടരും. റിലയൻസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എല്ലാ മീറ്റിംഗുകളിലും സ്ഥിരം ക്ഷണിതാവായി നിത അംബാനി പങ്കെടുക്കും. വാര്‍ഷിക സമ്മേളനത്തില്‍ പ്രഖ്യാപിച്ചതുപോലെ, മുകേഷ് അംബാനി കമ്ബനിയുടെ ചെയര്‍മാനും എംഡിയുമായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് തുടരും.

മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജിയോ പ്ലാറ്റ്‌ഫോമിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കപ്പെട്ടത്. ജിയോ പ്ലാറ്റ്‌ഫോമുകളിലെ ബോര്‍ഡ് അംഗം കൂടിയാണ് അദ്ദേഹം, “5 ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിര്‍മാണത്തില്‍ അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നു”, പ്രസ്താവനയില്‍ കമ്ബനി പറഞ്ഞു.

മുകേഷ് അംബാനിയുടെ മൂന്ന് മക്കളില്‍ ഇളയവനായ അനന്ത് അംബാനി, 2020 മാര്‍ച്ച്‌ മുതല്‍ ജിയോ പ്ലാറ്റ്‌ഫോമുകളുടെയും 2022 മെയ് മാസം മുതല്‍ റിലയൻസ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെയും 2021 ജൂണ്‍ മുതല്‍ റിലയൻസ് ന്യൂ എനര്‍ജി, റിലയൻസ് ന്യൂ സോളാര്‍ എനര്‍ജി എന്നിവയുടെയും ബോര്‍ഡുകളില്‍ ഡയറക്ടറാണ്. റിലയൻസ് ഫൗണ്ടേഷന്റെ ബോര്‍ഡിലും 2022 സെപ്റ്റംബര്‍ മുതല്‍ അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്.

ജിയോ ഫിനാൻഷ്യല്‍ സര്‍വീസസിന്റെ ബോര്‍ഡില്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായും ഇഷ അംബാനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.