പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ; വിശദ പരിശോധനയ്ക്ക് സമിതി


തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധന സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിശദമായ പരിശോധന നടത്തുന്നതിന് സമിതി രൂപീകരിച്ചു. ധന,നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സമിതി. കാലതാമസമില്ലാതെ സമിതി തീരുമാനമെടുക്കണമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

01.04.2013ന് ശേഷം സേവനത്തില്‍ പ്രവേശിക്കുന്നവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. പദ്ധതി പുനപരിശോധിക്കുന്നതിന് സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിശദമായ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് പ്രത്യേക സമിതി രൂപീകരിച്ചത്.

ഓഹരി മൂലധനം വര്‍ധിപ്പിക്കും

ട്രാവന്‍കൂര്‍, ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡിന് സര്‍ക്കാര്‍ നല്‍കിയ വായ്പയും പലിശയും ഓഹരിയാക്കി മാറ്റാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുള്ള ശിപാര്‍ശ ?അംഗീകരിച്ചു.

പുതിയ പിഎസ് സി അംഗം

പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് തൃശ്ശൂര്‍ അന്നമനട സ്വദേശി അഡ്വ. സി ബി സ്വാമിനാഥനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു