സ്റ്റാര്‍ ഹെല്‍ത്ത് 1,20,000 രൂപ നഷ്ടപരിഹാരം നല്‍കണം; ഹെല്‍ത്ത് പോളിസിയിലെ തട്ടിപ്പുകള്‍ അറിയുക

ഹെല്‍ത്ത് പോളിസി എടുത്തവര്‍ക്കെല്ലാം ആശുപത്രി ബില്‍ അടയ്ക്കാന്‍ തുക ലഭിക്കുമോ? ഇല്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ഉദാഹരണത്തിന് ഇന്‍ഷുറന്‍സ് ഫോമില്‍ പുകവലിയില്ലെന്നും മദ്യപാനമില്ലെന്നും എഴുതി നല്‍കുന്നവര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ചോദിക്കുമ്പോള്‍ പുകവലിയുണ്ടെന്നു കാണിക്കുന്നതോടെ ഇന്‍ഷുറന്‍സ് നഷ്ടപ്പെടുന്നു.
അതുപോലെ ഇന്‍ഷുറന്‍സ് പരിധിക്കുള്ളില്‍ മുന്‍പുണ്ടായിരുന്ന രോഗം വീണ്ടും വന്നാലും പല ഇന്‍ഷുറന്‍സ് കമ്പനികളും തുക നല്‍കില്ല. ഇന്‍ഷുറന്‍സ് തുക നല്‍കാതിരിക്കാന്‍ വലിയ റിസര്‍ച്ച് വിഭാഗം തന്നെ ഓരോ ഇന്‍ഷുറന്‍സ് ക്ലയിം ഡെസ്‌കിലും ജോലി ചെയ്യുന്നുണ്ടെന്നറിയുക.
കഴിഞ്ഞദിവസം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് 1,20,000 രൂപ നല്‍കാന്‍ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.
കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘കൊറോണ രക്ഷക് പോളിസി’യുടെ ക്ലെയിം നിരസിച്ചതിനാണു
മൂവാറ്റുപുഴ സ്വദേശി കെ.ആര്‍. പ്രസാദിന് 1.2 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടത്. ക്ലെയിം തുകയായ ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും 30 ദിവസത്തിനകം സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കണം. കമ്പനി നടപടി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി വിലയിരുത്തി.
2020 ജൂലായിലാണ് പോളിസിയെടുത്തത്. 2021 ജനുവരിയില്‍ കൊവിഡ് ബാധിച്ച് നാലുദിവസം മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടി. ചികിത്സയ്ക്ക് ചെലവായ തുകയുടെ ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനി നിരസിച്ചു. ‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ എന്ന അസുഖമുണ്ടെന്ന വിവരം മറച്ചുവച്ചെന്ന കാരണം പറഞ്ഞാണ് ക്യാഷ്‌ലെസ് ക്ലെയിം നിരസിച്ചത്. ഓംബുഡ്സ് മാന് പരാതി നല്‍കിയെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാല്‍ ജില്ലാ ഉപഭോതൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.
ഡിസ്ചാര്‍ജ് സമ്മറിയില്‍ ‘ബ്രോങ്കൈറ്റിസ് ആസ്ത്മ’ ഉണ്ടെന്ന സൂചന മാത്രമാണുള്ളതെന്നും സംശയരഹിതമായ നിഗമനമായി അതിനെ കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കമ്പനിയുടേത് അധാര്‍മ്മിക വ്യാപാരരീതിയാണെന്നും വിലയിരുത്തി.
കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ക്കും വര്‍ദ്ധിച്ച ചികിത്സാച്ചെലവിനും ആശ്വാസമാകുമെന്ന വാഗ്ദാനത്തോടെയാണ് ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ കൊവിഡ് സ്പെഷ്യല്‍ പോളിസികള്‍ അവതരിപ്പിച്ചത്. സാങ്കേതികകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അര്‍ഹതപ്പെട്ട ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.