ഓഹരിവിപണിയില്‍ 43 കമ്പനികളുടെ ഐ.പി.ഒ

മുംബൈ . ആഗോള തലത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവന്നതോടെ ഇത്തവണ ഓഹരി വിപണിയില്‍ ഐപിഒ തരംഗം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 43 കമ്പനികളാണ് ഐപിഒ നടത്തിയത്.

ഈ വര്‍ഷം അവസാനിക്കാൻ ഇനിയും ഒന്നര മാസത്തിലധികം സമയം ബാക്കി നില്‍ക്കെയാണ് 43 ഐപിഒ എന്ന നേട്ടം കൈവരിച്ചത്. മുൻ വര്‍ഷം 40 കമ്പനികള്‍ മാത്രമാണ് ഐപിഒ സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കോവിഡ്, റഷ്യ-യുക്രെയിൻ യുദ്ധ പ്രതിസന്ധി എന്നിവ വലിയ രീതിയിലുള്ള സാമ്ബത്തിക ഞെരുക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ഇത്തവണ പ്രതിസന്ധികളുടെ കാര്‍മേഘം അകന്നതോടെയാണ് ഓഹരി വിപണി ലക്ഷ്യമിട്ട് കൂടുതല്‍ ഐപിഒകള്‍ എത്തിയത്.

മുൻ വര്‍ഷത്തേക്കാള്‍ ഐപിഒ നടത്തിയ കമ്പനികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, സമാഹരിച്ച തുക ഇക്കുറി താരതമ്യേന കുറവാണ്. ഈ വര്‍ഷം ഐപിഒ നടത്തിയ 43 കമ്പനികള്‍ 36,000 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഐപിഒ നടത്തിയ 40 കമ്പനികള്‍ 65,000 കോടി രൂപ സമാഹരിച്ചിരുന്നു. 2023-ല്‍ ഐപിഒ സംഘടിപ്പിച്ച കമ്ബനികളില്‍ 10 എണ്ണം മാത്രമാണ് 1000 കോടി രൂപയിലധികം സമാഹരിച്ചത്. 2022-ല്‍ ഇത് 14 ആയിരുന്നു.