ക്വാറിയില്‍ പച്ചപ്പിന്റെ വിരുന്നൊരുക്കി ചിറയില്‍ നഴ്‌സറി

കൊണ്ടോട്ടി: പ്രകൃതിയുടെ മുറിപ്പാടാവുമായിരുന്ന ക്വാറിയില്‍ നാടന്‍ തൈകളും ഫലവൃക്ഷങ്ങളുമായി പച്ചപ്പിന്റെ വിരുന്നൊരുക്കിയ അതിമനോഹരമായ കാഴ്ചയുണ്ട് കൊണ്ടോട്ടിയില്‍. നെടിയിരുപ്പ് ചിറയില്‍ കെ.എം. കോയാമുവിന്റെ നാല്‍പ്പതോളം ഏക്കര്‍ വരുന്ന ക്വാറി പ്രദേശമാണ് കൊടുംവനവും തൈ ഉത്പ്പാദന കേന്ദ്രവുമാക്കി പുന:സൃഷ്ടിച്ചത്.

മൂന്നുവര്‍ഷത്തെ കഠിനാദ്ധ്വാനമാണ് ചിറയില്‍ അഗ്രോ ഫാമിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഫലമാവട്ടെ, അപൂര്‍വ്വങ്ങളായ അനേകം ഫലവൃക്ഷത്തൈകളും. നാടന്‍തൈകളും നാട്ടിലുണ്ടാവുന്ന വിദേശ ഫലവൃക്ഷങ്ങളും നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച മറ്റ് സസ്യങ്ങളുമാണ് കോയാമു കൃഷി ചെയ്യുന്നത്. വിവിധയിനം കവുങ്ങുകള്‍, മാവുകള്‍, പ്ലാവുകള്‍, ബട്ടര്‍, റംബൂട്ടാന്‍, ഓറഞ്ച്, ജാതിക്ക, വിവിധയിനം കുരുമുളക് തുടങ്ങി അനേകമുണ്ട് വിഭവങ്ങള്‍. ഒരു മാവില്‍തന്നെ നാലുമുതല്‍ എട്ടുവരെ വ്യത്യസ്ത മാത്തൈകള്‍ ഗ്രാഫ്റ്റ് ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള മാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കാനും സൗകര്യമുണ്ട്.
മലബാറിലെ നഴ്സറികള്‍ സമീപകാലം വരെ മണ്ണുത്തിയില്‍നിന്നാണ് തൈകള്‍ കൊണ്ടുവന്നിരുന്നത്. മണ്ണുത്തിയിലാവട്ടെ പലതും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവയാണ്. മലബാറില്‍ ഏതാണ്ട് 600 നഴ്സറികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ഇരുനൂറോളം നഴ്സറികള്‍ ഇപ്പോള്‍ ചിറയില്‍ അഗ്രോ ഫാമിനെ സമീപിക്കുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച തൈകളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നവയെല്ലാം. ക്വാറി ഉയര്‍ത്തിയും നിരത്തിയുമാണ് ഈ പ്രദേശത്തെ പരിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഒരു ഏക്കര്‍ വരുന്ന ക്വാറിഭാഗത്ത് ആവശ്യത്തിനുള്ള വെള്ളം സംഭരിച്ചിരിക്കുന്നു. മൂന്ന് ഏക്കര്‍ സ്ഥലം വൈവിധ്യമാര്‍ന്ന മരങ്ങളുള്ള കാടാക്കി മാറ്റി. ആറ് ഏക്കറിലധികം വരുന്ന സ്ഥലത്ത് ഫലവൃക്ഷത്തൈകളുടെ ഉത്പാദനം നടക്കുന്നു. ഏഴ് ഏക്കര്‍ സ്ഥലം പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി മാറ്റിവെച്ചിരിക്കുന്നു. കൂടാതെ മീന്‍കൃഷിയും ഇവിടെ നടക്കുന്നു.
വൈവിധ്യമാര്‍ന്ന ഫലവൃക്ഷങ്ങളും പഴങ്ങളും ഉള്‍പ്പടെ 10 ലക്ഷത്തിലധികം തൈകള്‍ പ്രതിവര്‍ഷം വില്‍പ്പന നടത്തുന്നുണ്ട്. മണ്ണിര കമ്പോസ്റ്റും മീന്‍വെള്ളവും വെര്‍മി വാഷുമാണ് ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ രാസവളത്തിന്റെ ഉപയോഗം കാര്യമായി ആവശ്യമില്ല.

ക്വാറി പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ അന്നത്തെ തൊഴിലാളികളെ എന്തു ചെയ്യുമെന്ന ചിന്തയില്‍നിന്നാണ് ഈ ആശയം ഉദിച്ചതെന്ന് ഉടമ പറയുന്നു. ഇപ്പോള്‍ 60 തൊഴിലാളികളുണ്ട്. ഉപയോഗ ശൂന്യമായി കിടക്കുമായിരുന്ന ഭൂമിയാണ് ചിട്ടയോടെ ക്രമപ്പടുത്തി മനോഹരമായ തൈ ഉത്പാദന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. പ്രകൃതിദിനത്തിലും അല്ലാതെയും പ്രകൃതിയുടെ ഈ കൗതുകോദ്യാനം കാണുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here