നഗരത്തില്‍ തിരക്കില്‍ ഇവന് മുന്നേറാന്‍ രണ്ട് ബൈക്കിന്റെ സ്ഥലം മതി; ഇസ്രായേലിന്റെ ചെറിയ വാഹനം വരുന്നു

സിറ്റി യാത്രകള്‍ക്കായി ഇതാ ഇസ്രായേലിന്റെ ചെറുവാഹനം വരുന്നു.
ഇസ്രായേലി ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിറ്റി ട്രാന്‍സ്‌ഫോര്‍മറാണ് CT-1 എന്നു പേരിട്ടിരിക്കുന്ന അര്‍ബന്‍ ഇവി രംഗത്തിറക്കിയത്. വെറും ഒരു മീറ്റര്‍ വീതി മാത്രമാണ് സിറ്റി ട്രാന്‍സ്ഫോര്‍മര്‍ CT-2 മൈക്രോ കാറിന് ഉള്ളത്. ഒരു പരമ്പരാഗത വാഹനത്തിന് പാര്‍ക്ക് ചെയ്യാന്‍ വേണ്ടി വരുന്ന സ്ഥലത്ത് സിറ്റി ട്രാന്‍സ്ഫോര്‍മറിന്റെ നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇതൊരു ഫാമിലി കാറായല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഇസ്രായേലിയന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഡ്രൈവറിനൊപ്പം മറ്റൊരാള്‍ക്കും സഞ്ചരിക്കാനാവും വിധമാണ് മൈക്രോ ഇവി നിര്‍മിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ലാസ്റ്റ് മൈല്‍ ഡെലിവറി ഓപ്ഷനുകള്‍ക്കായും ഇതിനെ ഉപയോഗിക്കാം. ലോകമെമ്പാടുമുള്ള ചില ഉയര്‍ന്ന നിലവാരമുള്ള ഇവികളുടെ ബാറ്ററി ഭാരത്തേക്കാള്‍ 450 കിലോഗ്രാം ഭാരം കുറവാണ് സിറ്റി ട്രാന്‍സ്ഫോര്‍മര്‍ CT-2 ഇവിക്കുള്ളത്. ഒറ്റ ചാര്‍ജില്‍ പരമാവധി 180 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാന്‍ സിറ്റി ട്രാന്‍സ്ഫോര്‍മര്‍ ഇഠ2 മൈക്രോ ഇലക്ട്രിക് കാറിന് സാധിക്കും. അതേസമയം പരമാവധി 90 കിലോമീറ്റര്‍ വേഗതയാണ് കമ്പനി വാഹനത്തില്‍ അവകാശപ്പെടുന്നത്.

നിലവില്‍ വിപണനത്തിന് തയാറായിട്ടില്ലെങ്കിലും പടിഞ്ഞാറന്‍ യൂറോപ്പിലെ ഫാക്ടറിയില്‍ നിന്ന് 2024 അവസാനത്തോടെ മോഡലിനെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കാനാണ് ബ്രാന്‍ഡ് ഉന്നംവെക്കുന്നത്. കൂടാതെ 50 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിനായി സീരീസ് ബി ഫണ്ടിംഗ് റൗണ്ട് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി പറയുന്നു. ഇതുവരെ 20 മില്യണ്‍ ഡോളര്‍ സമാഹരിച്ച ഇവി സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ പ്ലാന്റിന് ആദ്യഘട്ടത്തില്‍ 15,000 യൂണിറ്റ് വാഹനങ്ങളുടെ നിര്‍മാണ ശേഷിയുണ്ടാവുമെന്നാണ് പറയുന്നത്. സ്റ്റാര്‍ട്ടപ്പ് സമാഹരിക്കുന്ന അധിക ഫണ്ടുകള്‍ സീരീസ് ഉല്‍പ്പാദനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും പറയുന്നു. CT-2 അര്‍ബന്‍ ഇവിക്ക് ഏതാണ്ട് 16,000 ഡോളര്‍ അല്ലെങ്കില്‍ ഏകദേശം 13 ലക്ഷം രൂപ മുതലായിരിക്കും വില വരികയെന്നാണ് ലഭിക്കുന്ന സൂചന.