50 പുതിയ വിമാനത്താവളങ്ങള്‍ കൂടി; ഗതാഗത സൗകര്യ വികസനത്തിന് കൂടുതല്‍ തുക

രാജ്യത്തെ ഗതാഗത മേഖലയുടെ വികസനത്തിനായി 75,000 കോടി അനുവദിച്ച്‌ ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. ഇന്ത്യന്‍ റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു.

2013-14 കാലത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്ത് കൂടുതല്‍ മേഖലയില്‍ വന്ദേ ഭാരത് തുടങ്ങുമെന്നും 50 പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ജനതയുടെ സാമ്ബത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവര്‍ക്കും വികസനമെന്നതാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സര്‍ക്കാര്‍ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച്‌ വിനോദസഞ്ചാരത്തിന്റെ പ്രചാരണം മിഷന്‍ മോഡില്‍ ഏറ്റെടുക്കും. നിര്‍മിത ബുദ്ധി ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങള്‍. സര്‍ക്കാരുമായുള്ള ഡിജിറ്റല്‍ ഇടപാടിന് പാന്‍ അടിസ്ഥാന രേഖ. ഔഷധ ഗവേഷണം ഊര്‍ജിതമാക്കും. ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.