മോട്ടോറോള എഡ്ജ് 40 നിയോ; വില അറിയാം

ബഡ്ജറ്റ് വിലയില്‍ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളുമായി മോട്ടോറോളയുടെ മോട്ടോ എഡ്ജ് 40 നിയോ ഈ മാസം 28ന് വിപണിയിലെത്തും.

144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 10 ബിറ്റ് കര്‍വ്ഡ് ഡിസ്പ്ലേ, അണ്ടര്‍ വാട്ടര്‍ പ്രൊട്ടക്ഷൻ, 68 വാട്ട്സ് ടര്‍ബോ പവര്‍ ചാര്‍ജിംഗും ഉള്‍പ്പെടെയുള്ള ഫീച്ചുകള്‍ സംയോജിപ്പിച്ച ഫൈവ് ജി സ്മാര്‍ട്ട് ഫോണിന്റെ വില 23,999 രൂപ മുതലാണ്. ഉത്സവകാല വിലക്കിഴിവോടെ 19,999 രൂപക്ക് സ്വന്തമാക്കാനുള്ള സൗകര്യവും കമ്ബനി ഒരുക്കിയിട്ടുണ്ട്.

മീഡിയ ടെക്കിന്റെ ഡിമെൻസിറ്റി 7030 എന്ന പ്രൊസസര്‍ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട് ഫോണാണ് മോട്ടോ എഡ്ജ് 40 നിയോ. സെഗ്മെന്റിലെ ആദ്യ ഐ.പി 68 റേറ്റിംഗ് ഉള്ള ഈ സ്മാര്‍ട്ട് ഫോണിന് 30 മിനുട്ട് വരെ ശുദ്ധജലത്തില്‍ മുങ്ങിക്കിടക്കാനും പൊടി, അഴുക്ക്, മണല്‍ തുടങ്ങി ഏതൊരു കാലാവസ്ഥയേയും പ്രതിരോധിക്കാനും കഴിയും. ഈ സവിശേഷതയുള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഫോണാണിത്. 172 ഗ്രാം ഭാരവും 7.79 മില്ലി മീറ്റര്‍ കനവുമാണ് ഉള്ളത്. മികച്ച ദൃശ്യാനുഭവം നല്‍കുന്നതാണ് 6.55 ഇഞ്ച് പി.ഓ.എല്‍.ഇ.ഡി കര്‍വ്ഡ് ഡിസ്പ്ലേ. 50 എം.പി അള്‍ട്രാ പിക്സല്‍ നൈറ്റ് വിഷനുള്ള പ്രധാന ക്യാമറയും 13 എം.പിയുടെ സെക്കന്ററി ക്യാമറയുമാണുള്ളത്. 32 എം.പിയുടെ സെല്‍ഫി ക്യാമറയില്‍ മികച്ച ചിത്രങ്ങള്‍ എടുക്കാൻ കഴിയും. ഹൊറൈസൻ ലോക്ക്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷൻ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. 5000 മില്ലി ആമ്ബയര്‍ ശേഷിയുള്ള ബാറ്ററിയാണ് മറ്റൊരു സവിശേഷത. ആകര്‍ഷകമായ നിറങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് ഫോണിന് പ്രീമിയം വീഗൻ ലെതര്‍, ത്രീഡി പി.എം.എം.എ അക്രിലിക് ഗ്ലാസ് എന്നിങ്ങനെയാണ് ഫിനിഷിംഗ് കൊടുത്തിട്ടുള്ളത്.

ഫ്ലിപ്കാര്‍ട്ട്, മോട്ടോറോള ഒഫീഷ്യല്‍ വെബ്സൈറ്റ് എന്നിവയിലൂടെയും പ്രമുഖ റീട്ടെയ്ല്‍ ഔട്ട്ലറ്റുകളിലൂടെയുമാണ് മോട്ടോ എഡ്ജ് 40 നിയോ വിപണിയില്‍ എത്തുന്നത്. എട്ട് ജി.ബി റാം 128 ജി.ബി സ്റ്റോറേജ്, 12 ജി.ബി റാം 256 ജി.ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിന്റുകളാണ് ഉള്ളത്. യഥാക്രമം 23,999 രൂപ 25,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഇതാണ് ഓഫറുകള്‍ സഹിതം 19,999 രൂപക്കും 22,999 രൂപക്കും ലഭിക്കുന്നത്