കണ്ണൂര്‍
മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഇനി ഏകീകൃത പാക്കിങ്. 18 മുതലാണിത് നടപ്പാകുക. ‘റീ ‘പൊസിഷനിങ് മില്‍മ 2023’ പദ്ധതിയുടെ ഭാഗമായാണ് പുതിയ പാക്കിങ്ങിലേക്ക് മാറുന്നത്. കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെയും മൂന്ന് മേഖലാ യൂണിയനുകളുടെയും ഉല്‍പ്പാദനം, സംഭരണം, ഗുണനിലവാരം, വിപണനം തുടങ്ങിയ കാര്യങ്ങളിലെല്ലാം മാറ്റമുണ്ടാക്കുന്ന പദ്ധതിയാണിത്. മില്‍മയുടെ ഏകീകൃത പാക്കിങ് ഡിസൈന്‍ 18ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശിപ്പിക്കും.
ക്ഷീരവിപണിയില്‍ മത്സരിച്ച് മുന്നേറാന്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ ഒറ്റ ബ്രാന്‍ഡില്‍ വില്‍ക്കുകയാണ് ലക്ഷ്യം. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. മില്‍മ ദിവസം 15.86 ലക്ഷം ലിറ്റര്‍ പാലാണ് വില്‍ക്കുന്നത്. 4,000 കോടി രൂപയാണ് വിറ്റുവരവ്. 3,300 ആനന്ദ് മാതൃകാ സഹകരണസംഘങ്ങളിലായി 10 ലക്ഷത്തോളം കര്‍ഷകരുടെ കൂട്ടായ്മയാണ് മില്‍മയുടെ കരുത്ത്.
പാല്‍ മുതല്‍ കര്‍ക്കടകക്കഞ്ഞിവരെയുള്ള ഭക്ഷ്യവൈവിധ്യവുമായി മില്‍മ വിപണിയിലുണ്ട്. നിരവധി ഉല്‍പ്പന്നങ്ങള്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചും മില്‍മ ഇറക്കിയിട്ടുണ്ട്. ഇഡ്ഡലിമാവ്, ദോശമാവ്, റെഡി ടു കുക്ക് ബിരിയാണി, പനീര്‍, ബട്ടറി വെജി സാന്‍ഡ്‌വിച്ച്, മാംഗോ മില്‍ക്ക് ഷെയ്ക്ക്, ഇന്‍സ്റ്റന്റ് പാലട മിക്‌സ്, ചോക്കോബാര്‍, ബ്രെഡ്, കേക്ക്, റെസ്‌ക്, സിറപ്പുകള്‍, നൈര്‍മല്യ വെളിച്ചെണ്ണ, ഗോതമ്പ്, പുട്ട്–പത്തിരി പൊടികള്‍, രസപ്പൊടി, ചുക്കുകാപ്പിപ്പൊടി എന്നിവ മില്‍മയുടെ ജനപ്രിയ ഉല്‍പ്പന്നങ്ങളാണ്.
മില്‍മ റിച്ച്– ഗോള്‍ഡ് പാല്‍, തൈര്, സംഭാരം, നെയ്യ് തുടങ്ങിയവ ജനം നേരത്തെതന്നെ സ്വീകരിച്ചവയാണ്. ഡയറി ഫ്രഷ് ഹണി, എഗ്ഗമ്മ എഗ്‌സ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവയും വിപണിയിലുണ്ട്. ഇതിനുപുറമെ മാസ്റ്റിക്ക്യൂവര്‍, റൂമാട്ടോര്‍, മില്‍ക് ലൈറ്റ്, ക്രാക്ക് ഹീല്‍ തുടങ്ങിയ വെറ്ററിനറി മരുന്നുകളുടെ വിപണനവും തുടങ്ങിയിട്ടുണ്ട്. ബദല്‍ കാലിത്തീറ്റ വസ്തുക്കളായ ചോളപ്പൊടി, ചോളത്തവിട്, ഗോതമ്പുതവിട്, കടലപ്പിണ്ണാക്ക് എന്നിവയും വിപണനംചെയ്യുന്നു.