കേരള ഐ.ടി സംരംഭകര്‍ക്ക് അമേരിക്കയില്‍ അവസരം ഒരുക്കി ജിടെക്

തിരുവനന്തപുരം. കേരളത്തിലെ ടെക് കമ്പനികളുടെ കൂട്ടായ്മയായ ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) ഐ.ടി സംരംഭകര്‍ക്ക് അമേരിക്കയില്‍ അവസരം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നിന്നുമുള്ള 16 ഐ.ടി സംരഭകരുടെ സംഘത്തെ ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെ അമേരിക്കയിലെ വിവിധ വ്യാപാര വ്യവസായ പരിപാടികളില്‍ സംബന്ധിക്കാനും പങ്കെടുക്കാനും വ്യവസായ-സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യാനും നിയോഗിച്ചിരിക്കുകയാണ് ജിടെക്. ഏപ്രില്‍ 27ന് കേരളത്തില്‍ നിന്നും തിരിക്കുന്ന സംഘം ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ബിസിനസ്സ് അവസരങ്ങളെ കുറിച്ചു പഠിക്കുകയും സാധ്യമായ കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്യും. വാഷിംഗ്ടണ്‍ ഡി.സിയില്‍ സെലക്ട് യു.എസ്.എ നിക്ഷേപക ഉച്ചകോടിയിലും സംഘം പങ്കെടുക്കും. സംഘം രണ്ടാഴ്ച അമേരിക്കയില്‍ ചെലവഴിക്കും.

യു.എസ് ഇന്ത്യാ ഇംപോര്‍ട്ടേഴ്‌സ് കൗണ്‍സില്‍ (യു.എസ്.ഐ.ഐ.സി), കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ജിടെക് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായവരോടൊപ്പം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും എം.എസ്.എം.ഇ. കമ്പനികള്‍ക്കും തുല്യ പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഡെലിഗേഷന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കേരള സ്റ്റാര്‍ട്ട്-അപ് സംരംഭകര്‍ക്ക് ഏറ്റവും മികച്ച അവസരം ഒരുക്കണം എന്ന സ്റ്റാര്‍ട്ട് അപ് മിഷന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കും ഡെലിഗേഷനില്‍ തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായിട്ടുള്ള ജി.ടെക്കിന്റെ ചെയര്‍മാനും പ്രമുഖ ഐ.ടി കമ്പനിയായ ഐ.ബി.എസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസിന്റെ ”ആഗോള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാന്‍ കേരളത്തെ പ്രാപ്തമാക്കുക” എന്ന ആശയമാണ് ഇത്തരം ഒരു പ്രത്യേക ഡെലിഗേഷനെ രൂപീകരിക്കാന്‍ ജിടെക്കിന് പ്രേരകമായിട്ടുള്ളത്. ജിടെക് ആദ്യമായാണ് ഇത്തരം ഒരു പ്രത്യേക ഡെലിഗേഷന്‍ രൂപീകരിച്ച് വിദേശ വ്യാപാര സാധ്യതകള്‍ തുറക്കുന്നത്. യു.എസ്.ഐ.ഐ.സി കേരള ഘടകം പ്രസിഡന്റും ജിടെക് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗവും, മെമ്പേഴ്‌സ് സര്‍വ്വീസ് ഗ്രൂപ്പിന്റെ കണ്‍വീനറുമായ രാജേഷ് ബാബുവാണ് സംഘത്തെ നയിക്കുന്നത്. ടെക്‌നോപാര്‍ക്കില്‍ 2008 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന മിറോക്‌സ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ടെക്‌നോളജി എന്ന ഇന്ത്യയിലെ മുന്‍നിര സൈബര്‍ സെക്യൂരിറ്റി കമ്പനിയുടെ സ്ഥാപകനും സി.ഇ.ഓ.യും മാനേജിംഗ് ഡയറക്ടറുമാണ് രാജേഷ് ബാബു. സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കും എം.എസ്.എം.ഇ കമ്പനികള്‍ക്കും വളരുവാന്‍ ദേശാന്തരാവസരങ്ങള്‍ കണ്ടെത്താനും വിനിയോഗിക്കാനും അവസരം നല്‍കുക എന്നത് രാജേഷ് ബാബുവിന്റെ നിര്‍ദ്ദേശമായിരുന്നു. ജിടെക് ട്രഷററും എഡിഫൈ ഡാറ്റ സയന്‍സ് സി.ഇ.ഒയുമായ മനോജ് ബി. ദത്തന്‍, ജിടെക് സി.ഇ.ഒ വിഷ്ണു വി. നായര്‍, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ ജിനേഷ് മാത്യു എന്നിവര്‍ അതാതു സംഘടനകളെ പ്രതിനിധീകരിച്ച് ഡെലിഗേഷനില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സീനിയര്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ എന്നിവരും ഡെലിഗേഷനിലെ സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കി.