68 ഷോറൂമുകളുമായി കേരള വിപണി പിടിക്കാന്‍ എന്‍ഫീല്‍ഡ്

0

ക്ലാസിക് 350 എസിന്1,12,000 രൂപ എക്സ് ഷോറൂം വില

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് കേരളത്തില്‍ നിലവിലുള്ള 59 ഡീലര്‍ഷിപ്പുകള്‍ക്കു പുറമേ ഒന്‍പതു ഷോറൂമൂകള്‍ കൂടി. പാണ്ടിക്കാട്, കാട്ടാക്കട, മുക്കം, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലാണു പുതിയ ഷോറൂമുകള്‍. ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങളുടെ എണ്ണത്തിലും റോയല്‍ എന്‍ഫീല്‍ഡ് വര്‍ധനവ് വരുത്തിയിട്ടുണ്ട്. 250 പുതിയ വ്യാപാര കേന്ദ്രങ്ങളാണ് കമ്പനി തുറന്നിരിക്കുന്നത്. രാജ്യത്ത് 930 ഡീലര്‍ഷിപ്പും 8800 സര്‍വീസ് കേന്ദ്രങ്ങളും 900 അംഗീകൃത സര്‍വീസ് വര്‍ക്ക്ഷോപ്പുകളുമുണ്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനസേവന ശൃംഖലയുള്ള സ്ഥാപനമായി മാറിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.
ബുള്ളറ്റ് മോഡലുകളുടെ പുതിയ പതിപ്പുകളും വിപണിയിലെത്തി. നിലവിലുള്ള മോഡലുകളായ 350, 350 ഇഎസ് എന്നിവയുടെ ആറ് പുതിയ പതിപ്പുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ക്ലാസിക് 350 എസിന്1,12,000 രൂപയാണ് എക്സ് ഷോറൂം വില. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ സര്‍വീസ് ഇടവേളയില്‍ മാറ്റം വരുത്താനുള്ള പുതിയ സിന്തറ്റിക്ക് ഓയിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തെ സര്‍വീസ് ഇടവേള ഇനി ആറു മാസമായും ആറു മാസത്തെ ഓയില്‍ ചെയിഞ്ച് ഇടവേള ഒരു വര്‍ഷമായും വര്‍ധിക്കും.

ദുബൈ മാതൃകയില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ത്യയിലും

0

ന്യൂഡല്‍ഹി: ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യയിലും ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പദ്ധതി. ധനമന്ത്രി നിര്‍മല സീതാറാമാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തുടക്കമെന്നോണം അടുത്തവര്‍ഷം രാജ്യത്തെ നാലു നഗരങ്ങളില്‍ ആരംഭിക്കും.
ടൂറിസം, കയറ്റുമതി എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ ഫെസ്റ്റിവല്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ്, കയറ്റുമതി എന്നിവ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതികള്‍ ആരംഭിക്കും.

കയറ്റുമതി ചരക്കുകള്‍ക്ക് നികുതി കുറയ്ക്കും, പുതിയ നിരക്കുകള്‍ അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ നിലവില്‍ വരും.
ജിഎസ്ടി, ആദായനികുതി റീഫണ്ടുകള്‍ പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റും. കയറ്റുമതിക്കാര്‍ക്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഇന്‍ഷ്വറന്‍സ് സംവിധാനം ഏര്‍പ്പെടുത്തും.
കയറ്റുമതി നടപടികള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കും. കൊച്ചി തുറമുഖം വളരെ വേഗത്തില്‍ കയറ്റുമതി നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാതൃകയില്‍ രാജ്യത്തും ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. മാര്‍ച്ചോടെ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ തുകല്‍, ടൂറിസം, യോഗ തുടങ്ങിയ മേഖലകള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാനാകും. ചെറുകിട വന്‍കിട ഉല്‍പ്പാദകരെ ഇതില്‍ പങ്കെടുപ്പിക്കും. പ്രത്യേക സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് രൂപം നല്‍കും. നിലവിലുള്ള കരാറുകള്‍ ഫലപ്രദമായി വിനിയോഗിക്കുമെന്നും നിര്‍മല വ്യക്തമാക്കി.

നെറ്റ് ബാങ്കിങ് തട്ടിപ്പ് വീണ്ടും; വൈസ് ചാന്‍സിലര്‍ക്ക് രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ടു

0
Identity theft on the web with credit cards and social security

കൊച്ചി: നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ വൈസ് ചാന്‍സിലര്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടമായി. ജയിന്‍ സര്‍വകാശാലയുടെ വൈസ് ചാന്‍സലറും കൊച്ചി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ജെ ലതയുടെ അക്കൗണ്ടില്‍ നിന്നാണ് നെറ്റ് ബാങ്കിങ്ങ് വഴി ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
ഇന്നലെ രാവിലെ 10.30 ന് പ്രൊവൈസ് ചാന്‍സലറുടെ മൊബൈലിലേക്ക് ഒരു വാട്സപ്പ് സന്ദേശവും തുടര്‍ന്നു കോളും വന്നു. ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും ആര്‍ ബി ഐ യുടെ നിര്‍ദേശപ്രകാരമാണ് വിളിക്കുന്നതെന്നും താങ്കളുടെ ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ആയി എന്നും പുതിയ ചിപ്പ് വച്ച കാര്‍ഡ് നല്‍കുന്നതിനാണെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് രണ്ട് തവണ ഒ ടി.പി നമ്പര്‍ വരുമെന്നും ഇത് പറഞ്ഞു തരണമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച വി സി ഉടനെ മൊബൈലില്‍ വന്ന ഒ ടി.പി നമ്പര്‍ വാട്സപ്പ് കോള്‍ വിളിച്ച നമ്പറില്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഈ വിവരം ഭര്‍ത്താവിനോട് പോലും പറയരുതെന്നും കോള്‍ വിളിച്ച ആള്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തു. തുടര്‍ന്ന് ഉടനെ തന്നെ അക്കൗണ്ടില്‍ നിന്ന് രണ്ട് തവണകളായി പണം പിന്‍വലിച്ചതായി മെസേജും വന്നു.
അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് കാര്‍ഡ് വഴി രണ്ട് തവണകളായി 19,2499 രൂപ പിന്‍വലിച്ചതായാണ് സന്ദേശം എത്തിയത്. ഉടനെ ലത ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് വാട്സപ്പ് സന്ദേശം എത്തിയ നമ്പറില്‍ തിരിച്ചുവിളിച്ചങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായില്ല. ഉടനെ കുസാറ്റിലുള്ള എസ്ബി ഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിക്കപ്പെട്ടത് മനസ്സിലായത്. ഉടനെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ വിവരം അറിയിച്ചു. കമ്മിഷണറുടെ നിര്‍ദേശപ്രകാരം കളമശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഡോ.ജെ ലതയുടെ പരാതിയില്‍ ഐ റ്റി ആക്ട് 66 ആ പ്രകാരം കേസ് എടുത്തതായി കളമശ്ശേരി പോലീസ് സിഐ ബി. പ്രസാദ് അറിയിച്ചു.

ഉള്ളി കര്‍ഷകരുടെ വയറ്റത്തടിച്ച് വീണ്ടും ബി.ജെ.പി സര്‍ക്കാര്‍; പാകിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്ത് വില കുറയ്ക്കാന്‍ നീക്കം

0

മുംബൈ: കഴിഞ്ഞ വര്‍ഷത്തെ വിലയെ അപേക്ഷിച്ച് ഭേദപ്പെട്ട വിലയിലേക്ക് ഉള്ളി എത്തിയപ്പോഴേക്കും കര്‍ഷകന് വീണ്ടും ഇരുട്ടടി നല്‍കാന്‍ ബി.ജെ.പി സര്‍ക്കാര്‍. പാകിസ്ഥാനില്‍ നിന്നും വലിയ ഉള്ളി ഇറക്കുമതി ചെയ്യാന്‍ ടെന്‍ഡര്‍ നല്‍കിയിരിക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു വിദേശവ്യാപാരസ്ഥാപനമാണ് എംഎംടിസി ലിമിറ്റഡ്. ഈ സ്ഥാപനമാണു പാകിസ്ഥാനടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് വലിയഉള്ളി ഇറക്കുമതി ചെയ്യാന്‍ വേണ്ടി ടെന്‍ഡര്‍ എടുത്തിരിക്കുന്നത്.
കരാര്‍ പ്രകാരം നവംബറില്‍ ഉള്ളിയുമായി കപ്പലുകള്‍ തീരത്തടുക്കും. അപ്പോഴാണ് രാജ്യത്തെ പാടങ്ങളില്‍ വിളവെടുപ്പും. വിളവെടുപ്പിന്റെ സമയത്ത് ഉള്ളി ഇറക്കുമതി ചെയ്താല്‍ രാജ്യത്ത് ഉള്ളി വില ഇടിയും. കഴിഞ്ഞ വര്‍ഷമുണ്ടായ വില കുറവിനെത്തുടര്‍ന്ന് രാജ്യത്ത് ഒന്നടങ്കം നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ ടണ്‍ കണക്കിന് ഉള്ളി തെരുവില്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഏപ്രിലില്‍ 830 രൂപ, മെയില്‍ 931 രൂപ, ജൂണില്‍ 1222 രൂപ, ജൂലൈയില്‍ 1880 രൂപ എന്നീ പടവുകള്‍ താണ്ടി ഇപ്പോള്‍ മഹാരാഷ്ട്രയിലെ ലസല്‍ ഗാവിലെ മാര്‍ക്കറ്റില്‍ ഉള്ളി ക്വിന്റലിന് 2300 രൂപയായി വില. മെട്രോ നഗരങ്ങളില്‍ 39നും 42 നും ഇടയിലാണ് ഇപ്പോള്‍ ഉള്ളിയുടെ ചില്ലറ വില്പന. ഉള്ളി വില അതിന്റെ സാധാരണ നിലവാരം പ്രാപിച്ചത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകിയിരുന്നു. ഒരു പാടം നിറയെ ഉള്ളി വിളവെടുത്തിട്ട് ലോറിക്കുള്ള കാശുപോലും കിട്ടാതെ കര്‍ഷകന്‍ ഉള്ളിപ്പാടത്തു തന്നെ ആത്മാഹത്യ ചെയ്തിട്ട് വര്‍ഷങ്ങള്‍ അധികമൊന്നും ആയിട്ടില്ല.
അതേസമയം വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് കര്‍ഷക സംഘടനകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളിപ്പാടങ്ങള്‍ മഹാരാഷ്ട്രയിലാണ്. അവിടങ്ങളിലാണെങ്കില്‍ ഖാരിഫ് സീസണ്‍ കൃഷി വിളവെടുപ്പിന് തയ്യാറായി നില്‍ക്കുകയാണ്.

നിതാഖാതിന്റെ പേരില്‍ കട തുടങ്ങിയവരില്‍ അധികവും പൂട്ടി; അതിജീവനത്തിനായി വീണ്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക്

0

മലപ്പുറം: സൗദി അറേബ്യയിലെ സ്വദേശിവത്കരണ നിയമത്തെത്തുടര്‍ന്നു ജോലി നഷ്ടപ്പെട്ടവര്‍ നാട്ടില്‍ നിതാഖാത്ത് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ അധികവും പൂട്ടി. മറ്റു വഴികളില്ലാതെ പലരും ഗള്‍ഫിലേക്ക് മടങ്ങുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ വായ്പയോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണു പലരും വീണ്ടും നാടുവിടുന്നത്.
ഗള്‍ഫില്‍ ജോലി നഷ്ടപ്പെട്ടതോടെ നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്തും നിതാഖാത്ത് എന്ന പേരില്‍ വ്യാപാര സ്ഥാപനങ്ങളാരംഭിച്ചും ടാക്‌സി വാഹനത്തിന് ഈ പേരിട്ടും നിതാഖാത്തിനെ കേരളത്തെ പരിചയപ്പെടുത്തുകയായിരുന്നു ഗള്‍ഫ് മലയാളികള്‍. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം 200ല്‍ താഴെ പേര്‍ക്കാണ് അനുവദിച്ചത്. അതും കര്‍ശനമായ വ്യവസ്ഥയിലും. വായ്പ എടുത്തവര്‍ വിരലിലെണ്ണാവുന്നവരും.
നിതാഖാത്ത് ബാര്‍ബര്‍ ഷോപ്പ്, നിതാഖാത്ത് ഹോട്ടല്‍, നിതാഖാത്ത് തട്ടുകട ഇങ്ങനെയുള്ള പേരുകള്‍ മലപ്പുറത്ത് എല്ലായിടത്തും സജീവമായിരുന്നു. ഓട്ടോയുടെ പേരു വരെ നിതാഖാത്തായിരുന്നു. എന്നാല്‍ പാണക്കാടും പെരിന്തല്‍മണ്ണ റോഡിലും ആരംഭിച്ച നിതാഖാത്ത് ഹോട്ടലുകളുടെ ഉടമകള്‍ പറയുന്നത് തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ്.
നാട്ടില്‍ കച്ചവടം ചെയ്തു ജീവിക്കാന്‍ കഴിയുന്നില്ലെന്നാണു മിക്കവരുടേയും അഭിപ്രായം. അതേസമയം ഗ്രൂപ്പ് ബിസിനിസുകള്‍ ആരംഭിച്ചവര്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. 20 ലക്ഷം രൂപ നിതാഖാത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയവര്‍ക്ക് പിന്നോക്ക വികസന കോര്‍പ്പറേഷനും ചില ബാങ്കുകളും വായ്പ വാഗ്ദാനം ചെയ്തിരുന്നു. നോര്‍ക്ക റൂട്ട്‌സും സഹായത്തിനു വന്നു. എന്നാല്‍ ബാങ്കുകളുടെ നൂലാമാലകളില്‍ കുടുങ്ങി അധികം പേര്‍ക്കും വായ്പയെടുക്കാന്‍ കഴിഞ്ഞില്ല.

ഭക്ഷണം വിതരണം ചെയ്യാന്‍ ആമസോണും

0
amazon

മുംബൈ: ഇ- കൊമേഴ്സ് വമ്പന്മാരായ ആമസോണ്‍ തങ്ങളുടെ ഭക്ഷണ വിതരണ ബിസിനസ്സിന് അടുത്ത മാസം തുടക്കമിട്ടേക്കും. മറ്റ് എതിരാളികളില്‍ നിന്ന് ഈടാക്കുന്നതിനെക്കാള്‍ കുറഞ്ഞ കമ്മീഷന്‍ മാത്രം ചുമത്തി വിപണിയില്‍ കുറഞ്ഞ കാലം കൊണ്ട് ശക്തമാകാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമസോണിന്‍റെ കടന്നുവരവോടെ രാജ്യത്തെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുട‍െ മത്സരം കൂടുതല്‍ കടുത്തേക്കും. ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വിവിധ തലത്തിലുളള റെസ്റ്റോറന്‍റുകളുമായി രാജ്യവ്യാപകമായി ആമോസോണ്‍ കരാര്‍ ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ആദ്യം ബാംഗ്ലൂരില്‍ സര്‍വീസ് തുടങ്ങാനാണ് കമ്പനിയുടെ ആലോചന. പിന്നീട് മുംബൈയിലേക്കും ദില്ലിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അവര്‍ ആലോചിക്കുന്നു.

കഴിഞ്ഞ വര്‍ഷം മലയാളി കുടിച്ചത് 14508 കോടിയുടെ മദ്യം

0

കൊച്ചി: വര്‍ഷം ഒരു മലയാളി കുടിക്കുന്ന മദ്യം 4464 രൂപയുടേത്. മലയാളിയുടെ ശരാശരി മദ്യ ഉപയോഗമാണിത്. ഇതില്‍ പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളുമെല്ലാം ഒഴിവാക്കിയാല്‍ മലയാളിയായ മദ്യപാനികള്‍ ശരാശരി അരലക്ഷം രൂപയില്‍ അധികം രൂപ മദ്യത്തിനായി ചെലവഴിക്കുന്നു.
ഇത്തവണയും മദ്യത്തിന് റെക്കോര്‍ഡ് വില്‍പ്പന. ദുരിതം വിതച്ച പ്രളയവും മാന്ദ്യവും ഈ മേഖലയെ ബാധിച്ചില്ല. സംസ്ഥാനത്തു 9878 കോടി രൂപയുടെ മദ്യമാണ് ഈ വര്‍ഷം വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 637 കോടി രൂപയുടെ വര്‍ധന.
അതേസമയം ബവ്‌റിജസ് കോര്‍പറേഷന്‍ വഴി പ്രളയ മാസം വിറ്റഴിച്ചത് 1229 കോടി രൂപയുടെ മദ്യമാണ്. ജൂലൈ വില്‍പനയെക്കാള്‍ അധികം ലഭിച്ചതു 71 കോടി.
201718 കാലയളവില്‍ 12937.20 കോടിയായിരുന്ന വ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14508.10 കോടിയായി വര്‍ധിച്ചു. 10 വര്‍ഷത്തെ കണക്കെടുത്താല്‍ 10000 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വില്‍പനയിലുണ്ടായി.
ജൂണില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്ന ഷോപ്പ് തിരൂരിലെ 10003 ാം നമ്പര്‍ ഔട്ട്ലെറ്റാണ്. ഏറ്റവും പിന്നിലായത് മൂന്നാറിലേതും.

ഫോണിന് രാഷ്ട്രീയമുണ്ടോ? വാവെ കമ്യൂണിസ്റ്റ് ഫോണെന്ന് അമേരിക്ക

0

ഫോണിന് രാഷ്ട്രീയമുണ്ടോ? എന്നാലിപ്പോള്‍ ഫോണിനും രാഷ്ട്രീയമുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ചൈനയുടെ ഫോണ്‍ കമ്പനിയായ വാവെ കമ്യൂണിസ്റ്റാണത്രേ. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായും അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് വാവെയെ അമേരിക്ക തകര്‍ക്കാന്‍ നോക്കുന്നത്.
അതേസമയം സാങ്കേതിക വിദ്യയില്‍ വന്‍ മുന്നേറ്റം നടത്തിയാണ് വാവെ ലോകത്ത് മുന്നേറുന്നത്. അമേരിക്കന്‍ കമ്പനിയായ ആപ്പിളും വാവെയുമായാണ് ഇന്നിപ്പോള്‍ ലോകത്ത് മത്സരം. ഇത് ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ ഭാഗമായാണു ലോകം കാണുന്നത്.
ചൈനയുടെ സൈന്യം ചാരവൃത്തിക്ക് ഉപയോഗിക്കുന്ന കമ്പനിയാണു വാവെയെന്നാണ് അമേരിക്കയുടെ പ്രധാന ആരോപണം. വാവെയ്ക്ക് അമേരിക്കയില്‍ വിലക്കാണ്. എങ്കിലും ജൂണില്‍ അവസാനിച്ച ത്രൈമാസ റിപ്പോര്‍ട്ടില്‍ 37.3 ദശലക്ഷം സ്മാര്‍ട്ട് ഫോണുകളാണ് വാവെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി കയറ്റുമതി നടത്തിയത്. 31 ശതമാനം വാര്‍ഷിക വളര്‍ച്ചയും നേടി. ഇപ്പോള്‍ ലോകത്തെ സ്മാര്‍ട്ട് ഫോണുകളില്‍ 38 ശതമാനവും വാവെ കൈയടക്കി കഴിഞ്ഞു.
ഫോണുല്പന്നങ്ങളുടെ വിപണിയില്‍ ഒന്നാംസ്ഥാനവും സ്മാര്‍ട് ഫോണ്‍ വിപണിയില്‍ രണ്ടാംസ്ഥാനവും വാവെയ്ക്കായി. അതേസമയം വാവെയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ അമേരിക്കയുടെ എതിര്‍പ്പ് സഹായിച്ചെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
5ജി സാങ്കേതിക വിദ്യയില്‍ നിന്നു വാവെയെ വിലക്കാന്‍ അമേരിക്ക ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അതിജീവിച്ച് നിരവധി കമ്പനികളുമായി വ്യാപാരകരാറുണ്ടാക്കാന്‍ വാവെക്കായി. അമേരിക്കയില്‍ നിന്ന് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാന്‍ വാവെയ്ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ജപ്പാനടക്കം നിരവധി രാജ്യങ്ങളില്‍ വാവെയ്ക്ക് വിലക്കാണ്. ഇന്ത്യയും വാവെ നിരോധിക്കാന്‍ ട്രംപ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരം എതിര്‍പ്പുകള്‍ ശക്തമായതോടെ ലോകത്തിലെ ഏറ്റവും വലിയ സ്വദേശ വിപണിയായ ചൈനയില്‍ വാവെ ഒന്നാമതെത്തി.
5ജിയുമായി ബന്ധപ്പെട്ട് വാവെയ്ക്ക് 50 കരാറുകളും ലഭിച്ചിട്ടുണ്ട്. അമേരിക്കയുടെ സമ്മര്‍ദത്തിലും ബ്രിട്ടനും ജര്‍മനിയും വാവെയെ വിലക്കിയിട്ടില്ല. അതേസമയം ഗുണനിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന വാവെ ഗള്‍ഫ് വിപണിയിലും ഒന്നാംസ്ഥാനത്താണ്. ആപ്പിളിന്റെ പുതിയ മോഡല്‍ ഈ ആഴ്ച വിപണിയില്‍ എത്തവേ അമേരിക്കയും ഭീതിയിലാണ്. വ്യാപാരയുദ്ധം ആപ്പിളിനെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് അവരുടെ ആശങ്ക.
വ്യാപാരയുദ്ധം ഒരുവശത്തു അതിരുവിടുമ്പോള്‍ കമ്യൂണിസ്റ്റ് ഫോണായ വാവെ 6ജിയുടെ ഗവേഷണവും ആരംഭിച്ചുകഴിഞ്ഞത്രേ.

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങള്‍

1

1. പര്‍ച്ചേസ് സൂക്ഷിച്ച് മാത്രം
ക്രഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ പ്രശ്‌നം ആവശ്യമില്ലാത്തതും ഉപയോഗമില്ലാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുമെന്നതാണ്. നഗരങ്ങളില്‍ താമസിക്കുന്നവരുടെ പലരുടേയും വീടുകളില്‍ ഇത്തരത്തില്‍ ആവശ്യത്തിലധികം സാധനങ്ങള്‍ കാണാറുണ്ട്. അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം കാര്‍ഡുപയോഗിച്ച് വാങ്ങുക. ഓരോ മാസവും ഷോപ്പിങ്ങിന് നിശ്ചയിച്ചിരിക്കുന്ന തുകയ്ക്കനുസരിച്ചേ സാധനങ്ങള്‍ വാങ്ങാവൂ.

2. ഇ.എം.ഐ സ്‌കീം ഒഴിവാക്കുക.
മാസതുല്യ അടവ് (Equated Monthly Instalment-EMI) സ്‌കീം ഓഫറുകള്‍ കാണുമ്പോള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടരുത്. അതു കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. മാത്രമല്ല, ഓരോ മാസവും ഇത്തരത്തില്‍ ഇ.എം.ഐ കൂടുന്നതിനനുസരിച്ച് നിങ്ങള്‍ക്ക് നല്ലൊരു തുക പലിശയിനത്തിലും നഷ്ടപ്പെടും. ഓരോ മാസവും തിരിച്ചടവിനൊപ്പം ജി.എസ്.ടിയും നഷ്ടപ്പെടും. അഥായത് ഒരു ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക് ഇ.എം.ഐ സ്‌കീമാക്കിയാല്‍ മിനിമം 16000 രൂപയെങ്കിലും പ്രോസസിംഗ് ചാര്‍ജും പലിശയും ടാക്‌സുമടക്കം നഷ്ടപ്പെടും.

3. ഓഫറുകളില്‍ കുടുങ്ങരുത്
ഓണ്‍ലൈന്‍ കമ്പനികളും ബ്രാന്‍ഡഡ് ഉല്പന്നങ്ങളും ബാങ്കുകളുമായി ചേര്‍ന്ന് ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് 5 മുതല്‍ 10 ശതമാനം വരെ ഓഫറുകള്‍ നല്‍കാറുണ്ട്. ഇത് ബാങ്കുകള്‍ നല്‍കുന്ന ഓഫറുകളല്ല, കമ്പനികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്നതാണ്. സീറോ പെര്‍സന്റേജ് പലിശ സ്‌കീമും ഇങ്ങനെതന്നെ. പലിശയുടെ തുക കമ്പനികള്‍ ബാങ്കുകള്‍ക്ക് നല്‍കും. വില്പന വര്‍ധിപ്പിക്കാനായി കമ്പനികള്‍ നല്‍കുന്നതാണിത്. പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ പഴയ സാധനങ്ങള്‍ വിറ്റഴിക്കാനുള്ള തന്ത്രമാണിത്.

4. ഒരു രാജ്യത്തെ കാര്‍ഡ് മറ്റ് രാജ്യങ്ങളില്‍ ഉപയോഗിക്കരുത്.
ഇന്ത്യന്‍ കാര്‍ഡുപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ ഷോപ്പിങ് നടത്തരുത്. കറന്‍സി റേറ്റ് ഇനത്തിലും ഫോറിന്‍ മണി എക്‌സ്‌ചേഞ്ച് ഇനത്തിലും നിങ്ങള്‍ക്ക് നല്ല തുക നഷ്ടപ്പെടും.

5. മാസബില്‍ മുഴുവന്‍ അടയ്ക്കുക
പലപ്പോഴും മാസബില്‍ അടയ്ക്കാതെ മിനിമം തുക അടച്ച് തടി നന്നാക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇവരെ തേടിയെത്തുന്നത് പര്‍ച്ചേസ് ചെയ്തതുമുതലുള്ള പലിശയാണ്. അത് 20 ശതമാനത്തിനു മുകളില്‍ അടയ്‌ക്കേണ്ടിവരും. അതുകൊണ്ടുതന്നെ ബില്ലിലെ മുഴുവന്‍ തുകയും അടയ്ക്കുക.

6. ഓണ്‍ലൈന്‍ ഉല്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

സോഫ്റ്റ്‌വേര്‍, ആന്റിവൈറസ്, വെബ്‌സൈറ്റ് റിനീവല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇത്തരത്തിലുള്ളവ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓട്ടോ റിനീവല്‍ കൊടുക്കാതിരിക്കുക. അങ്ങനെ നല്‍കിയാല്‍ എല്ലാവര്‍ഷവും നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡില്‍ നിന്നു പണം നഷ്ടപ്പെട്ടുകൊണ്ടിരിക്കും.

7.കാണുന്ന വെബ്‌സൈറ്റുകളിലെല്ലാം കാര്‍ഡ് നമ്പരും പിന്‍നമ്പരും നല്‍കരുത്.
കാര്‍ഡ് നമ്പരും പിന്‍നമ്പരും സൂക്ഷിച്ച് ഉപയോഗിക്കുക. ഓരോ പര്‍ച്ചേസും വ്യക്തമായി മനസിലാക്കുക. ബില്‍ പരിശോധിക്കുക. അസ്വാഭാവികത കണ്ടാല്‍ ബാങ്കിനെ വിവരം അറിയിക്കുക.

8. പിന്‍ നമ്പര്‍ മാറ്റുക
ആറുമാസത്തില്‍ ഒരിക്കലെങ്കിലും പിന്‍നമ്പര്‍ മാറ്റുക. കാര്‍ഡില്‍ പിന്‍ നമ്പര്‍ എഴുതരുത്. പിന്‍ നമ്പര്‍ ഫോണിന്റെ അവസാനത്തെ നാല് അക്കമോ ജനനതീയതിയോ ഉപയോഗിക്കരുത്.

9. ക്രഡിറ്റ് പരിധി പരമാവധിയില്‍ എത്തരുത്
ക്രഡിറ്റ് കാര്‍ഡ് ലിമിറ്റിന്റെ പരിധി മാക്‌സിമം കടക്കാതെ നോക്കണം. മറ്റ് ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ കുറഞ്ഞ പലിശ സ്‌കീമുകളുള്ളതിനാല്‍ മറ്റൊരു കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുകയും പലിശ തുക കുറയ്ക്കുകയും ചെയ്യാം.

10. ഓരോ ബാങ്കിനും ഓരോ സ്‌കീമാണ്
ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡുകളെല്ലാം ഒരേ രീതിയും സ്‌കീമുമാണെന്നു വിചാരിക്കരുത്. ഉദാഹരണത്തിന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് രീതിയല്ല എസ്.ബി.ഐയുടേത്. എച്ച്.ഡി.എഫ്.സി കാര്‍ഡില്‍ ബില്‍ അടയ്ക്കാനുള്ള തുക നിങ്ങളുടെ കാര്‍ഡിലേക്ക് വരുന്ന എല്ലാ ക്രഡിറ്റ് തുകകളും ഉദാഹരണത്തിന് ട്രെയിന്‍ ക്യാന്‍സലേഷന്‍, ഓണ്‍ലൈന്‍ ക്യാന്‍സലേഷന്‍, പെട്രോള്‍ സര്‍ച്ചാര്‍ജ് എന്നിവയെല്ലാം കുറച്ച് അടച്ചാല്‍ മതിയാകും. എന്നാല്‍ എസ്.ബി.ഐയില്‍ ഈ തുകയെല്ലാം അടുത്ത ബില്ലിലേ വകവെയ്ക്കൂ. ചുരുക്കത്തില്‍ രണ്ടും ഒന്നല്ല എന്നര്‍ത്ഥം.

ഉരുള്‍പൊട്ടലിന് കാരണം പാറഖനനമോ?

0

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തുണ്ടായ പ്രധാന ചര്‍ച്ചയാണു പാറഖനനം നിരോധിക്കുക എന്നത്. പാറഖനനം ഉരുള്‍പൊട്ടല്‍ സാധ്യതയും മണ്ണിടിച്ചിലും വര്‍ധിപ്പിക്കുമോ? ഇതുസംബന്ധിച്ച് വ്യാപകമായ വ്യാജ പ്രചാരണങ്ങളുണ്ടെങ്കിലും ശാസ്ത്രീയമായ തെളിവുകളില്ലാതെയാണ് ചര്‍ച്ചകള്‍.
കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകളിലും പ്രകൃതി ദുരന്തമേഖലകളിലധികവും പാറ മടകളില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നിട്ടും ഇത്തരത്തിലുള്ള പ്രചാരണത്തിനു പിന്നില്‍ ആരാണ്. പരിസ്ഥിതി വാദികളോ മാധ്യമ പ്രവര്‍ത്തകരോ?. എന്തായാലും കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണിതെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമുണ്ടാകില്ല. കരുവാരക്കുണ്ടിലെ പൈനാപ്പിള്‍ എസ്റ്റേറ്റില്‍ മരുന്നടിക്കുന്നതിനാല്‍ ഡെങ്കിപ്പനി പകരുന്നുവെന്നു പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ വരെ നമ്മുടെ നാട്ടിലുണ്ട്. മരുന്നടിച്ചാല്‍ കൊതുകുകള്‍ നശിക്കുമെന്നും ഡെങ്കിപ്പനി പടര്‍ത്തുന്നതു കൊതുകുകളാണെന്നുമുള്ള സാമാന്യബുദ്ധിപോലുമില്ലാതെ പ്രചരണം നടത്തുന്ന ചിലരാണ് ഇത്തരം പ്രചാരണങ്ങള്‍ക്കും പിന്നില്‍.
കഠിനമായ മഴയില്‍ ഭൂമിയില്‍ സംഭരിക്കപ്പെടുന്ന ജലം അതിമര്‍ദ്ദം മൂലം ഭൂസ്ഥിരത നഷ്ടപ്പെടുന്നതുകൊണ്ട് ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് ഭൂവസ്തുക്കളും വന്‍തോതില്‍ വളരെ പെട്ടെന്നു താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍. പ്രത്യേകിച്ചും ഉയര്‍ന്ന പ്രദേശങ്ങളില്‍ സംഭവിക്കുന്ന ഈ പ്രതിഭാസത്താല്‍ ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളപ്പെടുന്നു.
ഭൂഗര്‍ഭപാളികളുടെ ശക്തിക്ഷയവും രൂപാന്തരങ്ങളും മണ്‍പാളികളിലെ രാസ, ഭൗതിക മാറ്റങ്ങളും സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വര്‍ഷപാതവും ദ്രവീകരണവും ഉരുള്‍പൊട്ടലുണ്ടാകാനുള്ള കാരണങ്ങളാണ്. ഭൂമികുലുക്കം, മേഘസ്‌ഫോടനം, വരള്‍ച്ചയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പേമാരി, മഴക്കുഴി, വെള്ളംകെട്ടിനിര്‍ത്തല്‍ തുടങ്ങിയ മനുഷ്യഇടപെടലുകള്‍ ഇതെല്ലാം ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്.
എന്നാല്‍ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് പാറ ഖനനം മാത്രമാണ് ഉരുള്‍പൊട്ടലിനു കാരണമെന്നു വാദിക്കുന്നതു ശാസ്ത്രീയമല്ല. പാറക്കെട്ടില്‍ സ്‌ഫോടനം നടത്തുമ്പോള്‍ അതിന്റെ കമ്പനം ആ പാറയില്‍ മാത്രമേ ബാധിക്കുകയുള്ളൂ. ഒരു പ്രതലത്തിലെ കമ്പനം വേറൊരു പ്രതലത്തിലേക്ക് അതേ പടി പടരില്ല.
1992ലെ മഴക്കാലത്താണു കൊല്ലം ജില്ലയിലെ ശംഗിലി വനത്തില്‍ ഉരുള്‍പൊട്ടുകയും വനത്തിന് സമീപത്തെ മടത്തറ- കുളത്തൂപ്പുഴ റോഡ് വെള്ളത്തിനടിയിലായതും. ഇപ്പോഴും ഇടക്കിടെ ഈ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടാറുണ്ട്. എന്നാല്‍ ഈ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ അമ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറികളുണ്ടായിരുന്നില്ലെന്നതാണു യാഥാര്‍ഥ്യം. തിരുവനന്തപുരത്തെ അമ്പൂരിയില്‍ ഉരുള്‍പൊട്ടലുണ്ടായ വര്‍ഷങ്ങളിലൊന്നും അവിടെ പാറമടകളില്ലായിരുന്നു.

ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചെരുവുകളില്‍ കൃഷി, റോഡ് കെട്ടിട നിര്‍മാണം എന്നിവ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു. സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മിക്കുക, റോഡുകള്‍ നിര്‍മിക്കുക കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിനു കാരണമാകുന്ന ഘടകങ്ങളാണ്. ഇത്തരം പ്രവൃത്തികള്‍ക്കൊപ്പമേ മണ്ണ്, പാറ ഖനനങ്ങളും ഉരുള്‍പൊട്ടലിനു കാരണമെന്നു പറയാന്‍ കഴിയൂ.
പുഴകളില്‍ മണല്‍ വന്നുനിറഞ്ഞത് നീരൊഴുക്ക് കുറയാനും അതുവഴി വെള്ളപ്പൊക്കത്തിനു കാരണമാകുന്നുവെന്നും ജനങ്ങളുടെ വാദമൊന്നും ഇത്തരക്കാര്‍ ചെവിക്കൊള്ളുന്നേയില്ല. വ്യാപകമായി വയല്‍ നികത്തലും പുഴകളില്‍ മാലിന്യം കുന്നുകൂടിയതും ഇതിന് ആക്കംകൂട്ടി. മാത്രമല്ല, പുഴകള്‍ ബണ്ടുകള്‍ കെട്ടിയത് വെള്ളപ്പൊക്കത്തിന് മറ്റൊരു കാരണമാണ്.
2018ലെ പ്രളയത്തില്‍ പട്ടാമ്പി വെള്ളത്തിനടിയിലായില്ല. എന്നാല്‍ 2019ലായി. എന്താണ് കാരണമെന്ന് അന്വേഷിച്ചാല്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാക്കിയ കാരണങ്ങള്‍ കൂടി നിരത്തേണ്ടിവരും.
ഇത്തവണ ജൂണ്‍ രണ്ടാംവാരം കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാപകമായ ഉരുള്‍പൊട്ടലുണ്ടായി. മണിക്കൂറുകള്‍ നീണ്ടുനിന്ന ശക്തമായ മഴയായിരുന്നു. ജൂണ്‍ 14ന് കോഴിക്കോട് ജില്ലയിലെ ചാത്തന്‍കാവ് മഴമാപിനിയില്‍ രേഖപ്പെടുത്തിയത് 259 മില്ലീമീറ്ററായിരുന്നു. ഇതിലും അധികം മഴ മലഞ്ചരിവുകളില്‍ പെയ്തിട്ടുണ്ടാകണം. ശക്തമായ മഴയാണ് ഈ വര്‍ഷത്തെ ഉരുള്‍പൊട്ടലിന് കാരണമെന്ന കാര്യത്തില്‍ സംശയമില്ല.
പശ്ചിമഘട്ട മലനിരയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടലിന്റെ തീവ്രത കാലം കഴിയുന്തോറും കൂടി വരികയാണ്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 50 ശതമാനം മലനാടാണ്. ജനസംഖ്യയുടെ 35 ശതമാനം അധിവസിക്കുന്നത് ഈ മേഖലയിലാണ്. അതുകൊണ്ടുതന്നെ വര്‍ധിച്ചുവരുന്ന അപകടത്തില്‍ നിന്നു രക്ഷിക്കുക സാധ്യമല്ല.

വയനാട് പുത്തുമല ദുരന്തം ഉരുള്‍പൊട്ടലല്ലെന്നും പൈപ്പിംഗ് പ്രതിഭാസവും തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലാ മണ്ണ് ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തല്‍. പുത്തുമലയുടെ മുകള്‍ഭാഗത്തുള്ള കുന്നുകളില്‍ നിന്ന് ഇരുപത് ഹെക്ടറോളം മണ്ണ് ഒലിച്ചുപോയി. 1980കളില്‍ മുറിച്ചുമാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകള്‍ ദ്രവിച്ചതിനെത്തുടര്‍ന്നാണ് മണ്ണിനടിയില്‍ പൈപ്പിംഗ് പ്രതിഭാസം രൂപപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ വനംവെട്ടിത്തെളിച്ച് തോട്ടങ്ങളുണ്ടാക്കാന്‍ വന്‍തോതില്‍ മരം മുറിച്ചുമാറ്റപ്പെട്ടിരുന്നു. തോട്ടവിളകള്‍ കൃഷിചെയ്യുന്നതിനായി ഭൂമിയുടെ സ്വാഭാവികാവസ്ഥ മാറ്റി ചരിവുകളുണ്ടാക്കിയതും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് ആക്കം കൂട്ടി.
ഇത്തരം വസ്തുതകള്‍ പുറത്തുവന്നെങ്കിലും കേരളത്തിന്റെ വികസനത്തെ തുരങ്കം വെയ്ക്കുന്ന തരത്തില്‍ പാറമടകള്‍ക്കെതിരേയാണു ചര്‍ച്ചകളെങ്ങും. സംസ്ഥാനത്തു വിഴിഞ്ഞം തുറമുഖമടക്കം നിരവധി വികസനപ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. നിര്‍മാണ സാമഗ്രികള്‍ ലഭിക്കാതെയായാല്‍ വന്‍ ചെലവായിരിക്കും നിര്‍മാണമേഖലയിലുണ്ടാവുക. ഇത് സംസ്ഥാനത്തിന്റെ വികസനം മുരടിക്കും.
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനം മരവിക്കാനിടവരുത്തുന്ന തീരുമാനമെന്ന നിലയില്‍ ഇപ്പോഴത്തെ ചര്‍ച്ചകള്‍ അതിര് കടക്കരുത്. നിര്‍മ്മാണ മേഖലയിലെ നിശ്ചലാവസ്ഥ ഗുരുതര സാമ്പത്തിക പ്രശ്നങ്ങള്‍ക്കുമിടയാക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു കല്ലെത്തിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ കേരളത്തിനാകില്ല. പാറഖനനം ശാശ്വതമായി തടയാനാവില്ലെന്നാണ് മാധവ് ഗാഡ്ഗിലിന്റെ അഭിപ്രായവും.
സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികള്‍ മാത്രമേ കേരളത്തിലുള്ളൂ. അതേസമയം അനധികൃത മടകള്‍ പൂട്ടുക എന്നതാണ് സര്‍ക്കാരിനു മുന്നിലെ വഴി.
സംസ്ഥാനത്ത് പൊതുവേ പാറഖനനം അനിയന്ത്രിതമായാണു നടക്കുന്നതെന്ന് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി കണ്ടെത്തിയിരുന്നു. പാറ പൊട്ടിക്കുന്നതിനും, ഖനനം അവസാനിപ്പിച്ചശേഷം ക്വാറികള്‍ സംരക്ഷിക്കുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ നിലവിലുണ്ട്. ഇതംഗീകരിച്ചുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനാനുമതി നല്‍കുന്നത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഒട്ടുമിക്ക ക്വാറികളിലും പ്രവര്‍ത്തിക്കുന്നതെന്നാണ് പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പറയുന്നത്.
അതേസമയം, കണ്ണുംപൂട്ടിയുള്ള പാറഖനന നിരോധനത്തിനു പകരം സുപ്രീം കോടതിയുടെയും ഹരിത ട്രിബ്യൂണലിന്റെയും നിര്‍ദ്ദേശ പ്രകാരമുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ കര്‍ശനമായി അനുസരിച്ചുകൊണ്ടു ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്നുറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയാണ് ചെയ്യേണ്ടതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.