കോവിഡ് ബാധ മൂലം ലോകമെമ്പാടുമുള്ള മാന്ദ്യം കേരളത്തില്‍ ആദ്യം പ്രതിഫലിക്കുന്നത് റിയല്‍ എസ്‌റ്റേറ്റിനെയായിരിക്കും. ഭൂമി കൈമാറ്റവും നിര്‍മാണ മേഖലയും സ്തംഭിക്കും. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള സ്തംഭനമായിരിക്കും വരാന്‍ പോകുന്നത്.
ഗള്‍ഫ് തകര്‍ച്ചയാണ് കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മാന്ദ്യത്തിന്റെ പ്രധാനകാരണമായി കണ്ടെത്തുന്നത്. സംസ്ഥാനത്ത് സ്ഥലം വാങ്ങി കൂട്ടിയിരുന്നവര്‍ ഭൂരിഭാഗവും പ്രവാസി മലയാളികളായിരുന്നു.
കോവിഡ് ബാധയെ വരുന്നതിനു മുമ്പേ ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റ് ലോക രാജ്യങ്ങളിലെയും തൊഴിലവസരങ്ങളിലും ബിസിനസ് സാഹചര്യങ്ങളിലും ഏറെ മാറ്റം വന്നിരുന്നു. ഓയില്‍ വില തകര്‍ച്ച സീറോ ലെവലിലെത്തിയത് ഗള്‍ഫ് എന്ന സ്വപ്‌നം അവസാനിക്കുന്നതിനുള്ള ലക്ഷണങ്ങളാണ് കണ്‍മുന്നില്‍.
കോവിഡ് മൂലം പതിനായിരക്കണക്കിന് മലയാളികള്‍ തൊഴില്‍ നഷ്ടവും ബിസിനസ് തകര്‍ച്ചയും മൂലം തിരിച്ചുവരേണ്ടി വരുമെന്ന് കണക്കുകൂട്ടുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല.
ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ലക്ഷ്യത്തോടെ സ്ഥലവും ഫ്‌ളാറ്റം വാങ്ങിയവര്‍ കൈയില്‍ പണമില്ലാതെ വരുമ്പോള്‍ കിട്ടിയ വിലയ്ക്ക് വിറ്റുതുടങ്ങും. സ്ഥലത്തിന്റെയും ഫ്‌ളാറ്റിന്റെയും വിലകള്‍ അതോടെ കുത്തനെ ഇടിയും,”
നോട്ട് പിന്‍വലിക്കല്‍, ജി എസ് ടി, പ്രളയം തുടങ്ങിയവയെല്ലാം മൂലം കേരളത്തില്‍ വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.
ബാങ്കുകള്‍ വായ്പ നല്‍കുന്നത് കുറയ്ക്കും
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളിലും അടക്കം അഞ്ചു ലക്ഷം കോടിയിലധികം രൂപ വായ്പ നല്‍കിയിട്ടുയുണ്ട്. വിവാഹം, വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങള്‍, കൃഷി തുടങ്ങിയവയ്ക്കെല്ലാം എടുത്ത ഇത്തരം വായ്പകളില്‍ ഭൂരിഭാഗവും തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. തിരിച്ചടവ് വര്‍ധിക്കുന്നതോടെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. ഇതു വിപണിയെ ബാധിക്കും. സ്ഥലം ഈട് നല്‍കി വായ്പ നല്‍കുന്നത് കുറയ്ക്കും. വിലയിടിവ് അവിടെയും ബാധിക്കും.
പ്രവാസികളുടെ ഭൂമിയിലെ നിക്ഷേപം
മക്കളുടെ ഭാവിക്കും ശേഷിച്ച കാലം കഴിയുന്നതിനും പ്രവാസികള്‍ ഭൂമിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസികളുടെ മടക്കം സ്ഥലം വിറ്റ് വ്യാപാരത്തിലേക്കോ മറ്റ് മേഖലകളിലേക്കോ നയിക്കും. പക്ഷേ വില കുറയുന്നതോടെ ഇവര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. സ്വന്തമായി വീടുവെയ്ക്കാന്‍ ചെറിയ പ്ലോട്ട് തേടിവരുന്നവരാണ് ഇപ്പോഴുള്ള ആവശ്യക്കാര്‍. പലയിടത്തും സര്‍ക്കാര്‍ സ്ഥലത്തിന് നിശ്ചയിച്ചിരിക്കുന്ന ന്യായവിലയേക്കാള്‍ താഴെയാണ് യഥാര്‍ത്ഥ വില പറയുന്നത്.
കൃഷിയിലേക്ക് മടക്കം
തരിശ് ഭൂമി വില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ പ്രവാസികളും വ്യാപാരികളും സ്വന്തം കൃഷി ഭൂമിയിലേക്ക് തിരിയും. മടങ്ങിവരുന്ന പ്രവാസികള്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണം കൃഷിയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൃഷി കേരളത്തില്‍ പുരോഗമിക്കും. പക്ഷേ സ്ഥലവിലയില്‍ മാറ്റമുണ്ടാകില്ല. നെല്‍കൃഷിയില്‍ അഭിവൃത്ഥിയുണ്ടാക്കും.
വാടക കുറയും
നഗരങ്ങളില്‍ വ്യാപാരവും തൊഴിലിലുമുള്ള സാധ്യത കുറയുന്നതോടെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള മടക്കമായിരിക്കും സംഭവിക്കുക. ഇതോടെ നഗരങ്ങളില്‍ വാടക കുറയും. ഫ്‌ളാറ്റ് വില്പന കുറയും.
കോവിഡിനെ തുടര്‍ന്ന് പ്രമുഖ കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും വേതനം കുറയ്ക്കുന്നതും നഗരങ്ങളില്‍ സാധ്യത കുറയ്ക്കും. വര്‍ക്ക് ഫ്രം ഹോം കോവിഡിനെ തുടര്‍ന്ന് ജീവനക്കാരും കമ്പനികളും വ്യാപകമാക്കിയിട്ടുണ്ട്്. ഇത് ഗ്രാമങ്ങളിലേക്കുള്ള മടക്കം സൃഷ്ടിക്കും.
നിര്‍മാണ മേഖലയിലെ സ്തംഭനം
വരുന്ന മൂന്നു കൊല്ലക്കാലം നിര്‍മാണ മേഖലയില്‍ സ്തംഭനമായിരിക്കും ഫലം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഴി കേരളത്തില്‍ എത്തേണ്ട പതിനായിരം കോടിയിലധികം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നു വര്‍ഷത്തിനകം മുടങ്ങും. ഇത് നിര്‍മാണ മേഖലയെ സ്തംഭിപ്പിക്കും. അതിഥി തൊഴിലാളികളില്‍ അധികവും ജോലിയില്ലാതെ മടങ്ങേണ്ടിവരും.
റിയല്‍ എസ്റ്റേറ്റ് പ്രതീക്ഷ
വന്‍വിലയ്ക്ക് സ്ഥലം വാങ്ങി ഭവന സമുച്ചയങ്ങളും വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളും നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നവരുടെ സ്ഥിതിയും ദയനീയമാകും. നിലവില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് വാടകക്കാരെ കിട്ടാത്ത സ്ഥിതിയാണ്. നിലവിലുള്ളവര്‍ വാടക കുറയ്ക്കാന്‍ ആവശ്യമുന്നയിച്ചിട്ടുമുണ്ട്. ഓഡിറ്റോറിയങ്ങള്‍, മിനി മാളുകള്‍ എന്നിവയെല്ലാം മാന്ദ്യത്തിലായിരിക്കും കടന്നുപോവുക.
സര്‍ക്കാര്‍ ശമ്പളത്തിലെ കുറവ്
സര്‍ക്കാര്‍ ശമ്പളത്തിലുണ്ടാകുന്ന കുറവും റിയല്‍ എസ്റ്റേറ്റ് മേഖലയെ തകര്‍ക്കും. വാടക വരുമാനം പ്രതീക്ഷിച്ച് ബാങ്ക് വായ്പ എടുത്ത് ഫ്‌ളാറ്റ് വാങ്ങിയവര്‍ക്ക് ലോണ്‍ അടയ്ക്കാന്‍ കഴിയാതെ വരും. ഉദ്യോഗസ്ഥരുടെ ശമ്പളം വകമാറ്റി ചെലവ് കുറയ്‌ക്കേണ്ടിവരും. വിപണിയിലേക്ക് പണം ഇറക്കുന്നത് ചുരുക്കും.