പ്രവാസികള്‍ നാട്ടില്‍ ചെന്നാല്‍ എന്തു ബിസിനസ് തുടങ്ങുമെന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. എന്നാല്‍ കൃഷിയുമായി ബന്ധമുള്ളവര്‍ ഫാമോ പശുവളര്‍ത്തലോ കൃഷിയോ ആരംഭിക്കുന്നതാണ് ഉത്തമം.
ഏഴ് യുവാക്കള്‍ ഗുണ്ടല്‍പ്പേട്ടില്‍ തുടങ്ങിയ പശു ഫാം വന്‍ വിജയമായിക്കഴിഞ്ഞു. ഫാം തുടങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.
ചെലവ് കുറയ്ക്കുക എന്നതാണ്. അതിനാദ്യം അവര്‍ ചെയ്തത് തീറ്റപ്പുല്ല് സ്വന്തമായി ഉല്പാദിപ്പിച്ചു എന്നതാണ്.
ടൂറിസത്തിന്റെ സാധ്യത പഠിക്കാനെത്തിയതാണ് ഏഴ് മലയാളി യുവാക്കള്‍ കര്‍ണാടകയിലെ ഗൂണ്ടല്‍പേട്ടയില്‍ ഒരു പരീക്ഷണം എന്ന നിലയില്‍ 2 വര്‍ഷം മുന്‍പ് 2 പശുക്കളുമായി പശുവളര്‍ത്തലിനാണ് തുടക്കംകുറിച്ചത്. ഇപ്പോള്‍ 13 ഏക്കര്‍ സ്ഥലത്തില്‍ 3 ഏക്കര്‍ ഭാഗത്ത് ആധുനിക രീതിയിലുള്ള തൊഴുത്തും അനുബന്ധ സൗകര്യവും ഒക്കെയായി നൂറോളം പശുക്കളായി. എച്ച്എഫ്, എച്ച്എഫ് ക്രോസ്, നാടന്‍ എന്നീ ഇനങ്ങളിലെ പശുക്കളെയാണു വളര്‍ത്തുന്നത്. ഗൂണ്ടല്‍പേട്ട നഗരത്തില്‍നിന്ന് 7 കിലോമീറ്റര്‍ അകലെ ബെംഗളൂരു- കോഴിക്കോട് പാതയില്‍ ടോള്‍ ഗേറ്റിന് സമീപമാണ് ഫാം. മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ള ഈ യുവാക്കള്‍ മില്‍ക്കാ വെഞ്ച്വേഴ്‌സ് എന്ന പേരിലാണ് സംരംഭം നടത്തുന്നത്. കൂട്ടായ്മയിലെ ഒരംഗമായ എടക്കര സ്വദേശി പി.കെ.കുഞ്ഞുട്ടിയാണ് മേല്‍നോട്ടത്തിനായി കൂടുതല്‍ സമയവും ഇവിടെയുണ്ടാകുന്നത്. ചോളം ഉള്‍പ്പെടെ തീറ്റയ്ക്കുള്ള വിഭവങ്ങള്‍ സ്വന്തമായി കൃഷി ചെയ്യുകയാണ്. 24 മണിക്കൂറും വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യമുണ്ട്. കര്‍ണാടകയിലെ പ്രമുഖ പാല്‍ വിതരണ കമ്പനിയായ അക്ഷയ കല്‍പയ്ക്കാണു പാല്‍ നല്‍കുന്നത്.
കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ തൊഴിലാളികളെ ലഭിക്കാന്‍ എളുപ്പമെന്നതാണ് മലയാളികളെ അവിടേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പലയിടങ്ങളിലും സ്ഥലവില വളരെ കുറവാണ്. ഇവിടങ്ങളില്‍ തുടങ്ങിയാല്‍ നിക്ഷേപം കേരളത്തിനുപകരിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍ വെള്ളമില്ലാത്തതിനാല്‍ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ലക്ഷത്തിന് മുകളില്‍ ചെലവാകും. എന്നാല്‍ കേരളത്തില്‍ വെള്ളം സുലഭമാണ്.