ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ വര്‍ദ്ധിച്ചതോടെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളും വര്‍ദ്ധിച്ചു. ഇതിനെതിരെ മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്തെത്തി. സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വാട്ട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും വഴി ഉപഭോക്താക്കളെ സമീപിക്കുന്നുണ്ടെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.
സംശയാസ്പദമായ വാട്ട്‌സ്ആപ്പ് കോളുകളെക്കുറിച്ചും ഉപഭോക്താക്കളുടെ ബാങ്കിംഗ് വിശദാംശങ്ങള്‍ പങ്കിടാന്‍ അവരെ കബളിപ്പിച്ചേക്കാവുന്ന സന്ദേശങ്ങളെക്കുറിച്ചും ബാങ്ക് ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. വാട്ട്‌സ്ആപ്പ് കേന്ദ്രീകരിച്ചുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയത്.
ലോട്ടറി നേടിയതിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയിലും മറ്റും എസ്ബിഐ നമ്പറുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്ത് വ്യാജ മെസേജുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇമെയില്‍, എസ്എംഎസ്, വാട്ട്‌സ്ആപ്പ് കോളുകള്‍ എന്നിവ വഴി എസ്ബിഐ ഒരിക്കലും വ്യക്തിഗത അല്ലെങ്കില്‍ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.
ലോട്ടറി സ്‌കീമോ ഉപഭോക്തൃ സമ്മാന ഓഫറുകളോ എസ്ബിഐ നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കെണികളില്‍ വീഴുരുതെന്നും എസ്ബിഐ വ്യക്തമാക്കി. എസ്ബിഐ നിര്‍ദ്ദേശ പ്രകാരം, ബാങ്കിന്റെ പിഴവ് കാരണം എന്തെങ്കിലും തട്ടിപ്പ് നടന്നാല്‍ ഉപഭോക്താവിന് മുഴുവന്‍ നഷ്ടപരിഹാരവും ലഭിക്കും. എന്നാല്‍ ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ പണം തിരികെ ലഭിക്കില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ചില തട്ടിപ്പുകാര്‍ ബാങ്കിന്റെ ഔദ്യോഗിക ഇമെയിലിന് സമാനമായ ഇമെയിലുകള്‍ അയയ്ക്കുന്ന തട്ടിപ്പിനെക്കുറിച്ച എസ്ബിഐ ഉപഭോക്താക്കളെ അറിയിച്ചിരുന്നു. എസ്ബിഐയുടെ പേരിലും ശൈലിയിലും നിലവിലില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് വ്യാജ അലേര്‍ട്ട് ഇമെയിലുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. അത്തരം ഇമെയിലുകളില്‍ ക്ലിക്കുചെയ്യുന്നതില്‍ നിന്ന് ദയവായി വിട്ടുനില്‍ക്കാനും ഒരിക്കലും അത്തരം മെയിലുകള്‍ ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്നില്ലെന്നും എസ്ബിഐ അറിയിച്ചു.