കെഎസ്ആര്‍ടിസി ബസുകളില്‍ കയറി ഇനി മില്‍മയുടെ ചായ കുടിക്കാം. പലഹാരവും കിട്ടും. കെഎസ്ആര്‍ടിസിയും മില്‍മയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഫുഡ് ഓണ്‍ ട്രക്ക് പദ്ധതിയുടെ ഭാഗമായാണ് ഇത്. കാലപ്പഴക്കം ചെന്ന ബസുകള്‍ രൂപമാറ്റം വരുത്തി ഫുഡ് ട്രക്കുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ, പാലക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളിലാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തേ തിരുവനന്തപുരത്ത് ആരംഭിച്ച വില്‍പ്പനശാല വിജയിച്ചതോടെയാണ് മലബാര്‍ മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കുന്ന ബസുകള്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ നടത്തിയാണ് ഫുഡ് ട്രക്ക് ആക്കി മാറ്റുന്നത്. ഇതിനായി മില്‍മ ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ട്രക്കിനുള്ളില്‍ നാലുപേര്‍ക്ക്
ഇരുന്ന് കഴിക്കാനുള്ള സൗകര്യവും വാഷ്‌ബേസിനും ഒരുക്കും. ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന സ്ഥലം ട്രക്ക് സ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കും.
മാസത്തില്‍ 20,000 രൂപയും ജി.എസ്.ടി.യും മില്‍മ വാടക നല്‍കണം. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഒന്നരമാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനം. മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ലഭിക്കും. മില്‍മ വിവിധ തരത്തിലുള്ള 43 ഉത്പന്നങ്ങളാണ് മില്‍മ പുറത്തിറക്കുന്നത്.