ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ മിനിയുടെ പ്രത്യേക പതിപ്പായ സൈഡ്‌വാക്ക് എഡിഷന്‍ നടന്‍ ടൊവിനോ തോമസ് സ്വന്തമാക്കി. സൈഡ്‌വാക്ക് എഡിഷന്റെ ഇന്ത്യയിലെത്തുന്ന 15 യൂണിറ്റിലൊന്നാണ് ടൊവിനോ വാങ്ങിയത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പിലെത്തി ടൊവിനോ ഈ വാഹനം ഏറ്റുവാങ്ങി. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നീ താരങ്ങളും മിനിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനങ്ങള്‍ വാങ്ങിയിരുന്നു. കുഞ്ചാക്കോ 60 ഇയര്‍ എഡിഷനും ജയസൂര്യ സമ്മര്‍ എഡിഷനുമാണ് സ്വന്തമാക്കിയത്.
2007ല്‍ ഇന്ത്യയിലെത്തിയ മിനി കണ്‍വേര്‍ട്ടബിളിന്റെ ആദ്യ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പാണ് സൈഡ്‌വാക്ക്. 44.90 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറും വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തിക്കുന്ന ഈ വാഹനത്തില്‍ റെഗുലര്‍ മോഡലിലുള്ളതിനെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്നുണ്ട്.
ഡീപ്പ് ലഗൂണ മെറ്റാലിക്ക് എക്സ്റ്റീരിയര്‍ നിറത്തില്‍ മാത്രമാണ് സൈഡ്വോക്ക് എഡിഷന്‍ എത്തുന്നത്. 20 സെക്കന്റില്‍ തുറക്കാന്‍ സാധിക്കുന്ന സോഫ്റ്റ് ടോപ്പാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബോ എന്‍ജിനാണ് സൈഡ്വോക്ക് എഡിഷന് കരുത്തേകുന്നത്. ഇത് 192 ബിഎച്ച്പി പവറും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. പുതുതായി വികസിപ്പിച്ച ഡബിള്‍ ക്ലെച്ച് ഏഴ് സ്പീഡ് സ്റ്റെപ്പ് ട്രോണിക്കാണ് ട്രാന്‍സ്മിഷന്‍. 230 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് 7.1 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.