കൊച്ചി: വിപണിക്ക് അനുസരിച്ച് ബിസിനസ് മാറ്റുക എന്നത് പലരേയും വിജയത്തിലെത്തിച്ചിട്ടുണ്ട്. കോവിഡ് വന്ന ശേഷം പല വലിയ ഗാര്‍മെന്റ്‌സും വന്‍കിട ബ്രാന്‍ഡുകളും മാസ്‌ക് നിര്‍മാണത്തിലേക്ക് തിരിഞ്ഞിരുന്നു. സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകള്‍ പോലും മാസ്‌ക് നിര്‍മിച്ച് ബ്രാന്‍ഡിന്റെ പേര് പ്രചരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പാര്‍ട്ടി ചിഹ്നങ്ങളുള്ള മാസ്‌ക് നിര്‍മിക്കുകയാണ് നിരവധി ബിസിനസുകാര്‍.
ഓരോ പാര്‍ട്ടിയുടെയും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മാസ്‌കുകള്‍ വിപണിയിലെത്തി തുടങ്ങി. സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിപ്പിച്ച മാസ്‌കുകള്‍ വരാനിരിക്കുന്നേയുള്ളൂ.
ഹാരങ്ങളും ഷാളും ഇത്തവണ കളത്തിനു പുറത്താണ്. പൂമാല,നോട്ടുമാല, പൂച്ചെണ്ട് എന്നിവയ്ക്കും വിലക്കുണ്ട്. സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് മാത്രമേ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയൂ.
അതേസമയം പാര്‍ട്ടി ചിഹ്നം ആലേഖനം ചെയ്ത മാസ്‌ക് വീടുകളില്‍ എത്തിച്ചാല്‍ തെരഞ്ഞെുപ്പില്‍ അനുകൂലമാകുമെന്നതിനാലാണ് മാസ്‌ക് നിര്‍മാണം വ്യാപകമാകുന്നത്.
അതാത് പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ രേഖപ്പെടുത്തിയ തുണി മാസ്‌കിന്റെ സാമ്പിള്‍ ഇതിനോടകം രംഗത്തെത്തി. ചിഹ്നങ്ങള്‍ മാസ്‌കുകളില്‍ പ്രിന്റ് ചെയ്യാനുള്ള സൗകര്യം ഇതുവരെ ജില്ലയിലില്ല. എറണാകുളം, ചങ്ങനാശേരി ഭാഗങ്ങളിലുള്ള പ്രസുകളിലേക്കാണ് ഇവിടെ നിന്നുള്ള ഓര്‍ഡറുകള്‍ പോകുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ത്ഥികളുടെ മുഖം ചേര്‍ത്തുള്ള മാസ്‌ക് ഇറങ്ങിത്തുടങ്ങും.
സ്ഥാനാര്‍ത്ഥിയുടെ പേരും പടവും ചിഹ്നവും ചേര്‍ത്ത് തുണി മാസ്‌കില്‍ സബ്ലിമേഷന്‍ പ്രിന്റിംഗാണ് നടത്തുന്നത്. ഒന്നിന് 30 രൂപ നിരക്കിലാണ് ഇപ്പോള്‍ പ്രിന്റിംഗ്. കൂടുതല്‍ പ്രസുകള്‍ മുന്നോട്ട് വന്നാല്‍ വിലയില്‍ ഇടിവു വരുമെന്നാണ് സ്ഥാനാര്‍ത്ഥികളുടെ പ്രതീക്ഷ. മാസ്‌കുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഡിസ്‌കൗണ്ട് ഉണ്ട്. 50 ന് മുകളില്‍ ആണെങ്കില്‍ ഒന്നിന് 25 രൂപയ്ക്കും 100 എണ്ണത്തില്‍ കൂടുതല്‍ ആണെങ്കില്‍ 20 രൂപ നിരക്കിലും പ്രിന്റ് ചെയ്ത് ലഭിക്കും.
അതേസമയം ശിവകാശിയില്‍ നിന്ന് ഏജന്റുമാര്‍ വിവിധ ജില്ലകളില്‍ തമ്പടിച്ചു മാസ്‌കിന് ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങി.