കോവിഡ് കാലത്ത് എങ്ങും പോകാനാവാതെ ബോറടിച്ചിരിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു കിടിലന്‍ യാത്രക്ക് അവസരം. ഡല്‍ഹിയില്‍ നിന്നു ലണ്ടന്‍ വരെ. അതും റോഡ്മാര്‍ഗം ബസില്‍. 18 രാജ്യങ്ങളിലൂടെ കടന്നുള്ള യാത്ര 70 ദിവസമെടുക്കും.
ഗുരുഗ്രാം ആസ്ഥാനമായ അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് എന്ന കമ്പനിയാണ് ഭൂഖണ്ഡങ്ങള്‍ പിന്നിട്ടു റോഡ് മാര്‍ഗമുള്ള യാത്ര ഒരുക്കുന്നത്.
ഓഗസ്റ്റിലാണ് കമ്പനി ഇങ്ങനെയൊരു ആശയം അവതരിപ്പിച്ചത്. ഉടന്‍ തന്നെ 195 രാജ്യങ്ങളില്‍ നിന്നുമായി ഒട്ടേറെ യാത്രിക്കാര്‍ അപൂര്‍വ ബസ് യാത്രക്കായി ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു.
1957ല്‍ നടന്ന ലണ്ടന്‍ – കല്‍ക്കട്ട ബസ് യാത്രയാണു പുതിയ സംരംഭത്തിനു പ്രചോദനമായത്. ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്ന ബസ് ഇംഫാല്‍ വഴി മ്യാന്‍മാറില്‍ പ്രവേശിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. അവിടെ നിന്നു തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ വഴി കസാക്ക്സ്ഥാനിലെത്തും. തുടര്‍ന്ന് റഷ്യയുടെ യൂറോപ്യന്‍ ഭാഗത്തു പ്രവേശിക്കുന്ന ബസ് ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപബ്ലിക്, ജര്‍മനി, ബെല്‍ജിയം,ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്എന്നീ രാജ്യങ്ങള്‍ പിന്നിട്ട് ഇംഗ്ലീഷ് ചാനലും മറികടന്നാവും യു കെ തലസ്ഥാനമായ ലണ്ടനിലെത്തുക.
സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും വിവിധ രാജ്യങ്ങള്‍ക്കിടയിലെ കരമാര്‍ഗമുള്ള അതിര്‍ത്തികള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കിട്ടുകയും ‘കോവിഡ് 19’ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ യാഥാര്‍ഥ്യമാവുകയും ചെയ്യുന്ന പക്ഷം അടുത്ത മേയില്‍ ഡല്‍ഹി – ലണ്ടന്‍ ബസ് യാത്ര സാധ്യമാവുമെന്നാണു കമ്പനിയുടെ വാഗ്ദാനം.
ഒരു വ്യക്തിക്ക് 15 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ ഹോട്ടലിലെ താമസം, ഭക്ഷണം, വിസാ ഫീസ്, പെര്‍മിറ്റ്, അതിര്‍ത്തി കടക്കുന്നതിനുള്ള ചെലവ്, മറ്റ് ആക്ടിവിറ്റികള്‍, ഗൈഡിന്റെ സഹായം എന്നിവയൊക്കെ ഉള്‍പ്പെടും.