ന്യൂഡല്‍ഹി: വിദേശ ധനസഹായം സ്വീകരിക്കുന്നതിന് സന്നദ്ധസംഘടനകള്‍ക്കും വ്യക്തികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
ചുരുങ്ങിയത് മൂന്നുവര്‍ഷമായി നിലവിലുളളതും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം 15 ലക്ഷം രൂപ ചെലവഴിച്ചിട്ടുളളതുമായ സംഘടനകള്‍ക്ക് മാത്രമേ ഇനി വിദേശ ധനസഹായം സ്വീകരിക്കാന്‍ അനുമതി ലഭിക്കൂ. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്‍ജിഒ ഭാരവാഹികള്‍ വിദേശസംഭാവന എത്രയാണെന്നും അത് എന്തിനുവേണ്ടിയുളളതാണെന്നും വ്യക്തമാക്കുന്ന രേഖ സംഭാവന നല്കുന്നവരില് നിന്ന് ഹാജരാക്കണം.
വിദേശധനസഹായം സ്വീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങുന്ന വ്യക്തിക്കോ, എന്‍.ജി.ഒയ്ക്കോ എഫ്.സി.ആര്.എ അക്കൗണ്ട് ഉണ്ടായിരിക്കണം. വിദേശധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യപ്രവര്‍ത്തകന്‍ സംഭാവന നല്കുന്ന സംഘടനയുടെ ഭാഗമായിരിക്കരുത്. കൂടാതെ സന്നദ്ധസംഘടനയിലെ 75 ശതമാനം ഓഫീസ് ഭാരവാഹികളോ, ഭരണസമിതി അംഗങ്ങളോ വിദേശ ധനസഹായം നല്കുന്ന സംഘടനയിലെ ജീവനക്കാരോ, അംഗങ്ങളോ ആയിരിക്കരുത്.
ധനസഹായം നല്‍കുന്നത് ഒരു വ്യക്തിയാണെങ്കില്‍ ആ വ്യക്തി, ധനസഹായം സ്വീകരിക്കുന്ന സംഘടനയുടെ മുഖ്യ പ്രവര്‍ത്തകനോ, ഓഫീസ് ഭാരവാഹിയോ ആകാന്‍ പാടില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവരെ വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.