നേപ്പാളിലെ നിരത്തുകള്‍ കീഴടക്കി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ നീം ജി മുന്നോട്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ഒക്ടോബറിലാണ് നേപ്പാളിലേക്ക് കയറ്റി അയച്ചത്. നടപടിക്രമങ്ങള്‍ എല്ലാം തീര്‍ത്ത് കഴിഞ്ഞ ദിവസമാണ് നീം ജി നേപ്പാളില്‍ ലോഞ്ച് ചെയ്തത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനം ഇ‑ഓട്ടോ നിര്‍മ്മാണത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. പൊതുമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കിയ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും ഫലപ്രദമായതിന് തെളിവുകൂടിയാണ് വിദേശ നിരത്തുകള്‍ കീഴടക്കുന്ന ഇ‑ഓട്ടോകള്‍.
ഇലക്ട്രിക്ക് ഓട്ടോയുടെ 25 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയച്ചത്. പുതിയ വിതരണ ഏജന്റ് വഴി ഒരു വര്‍ഷം 500 ഇ‑ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് വ്യവസായ വകുപ്പിന്റെ പ്രതീക്ഷ. നീംജിക്ക് സ്വദേശത്തും വിദേശത്തും ഒട്ടേറെ ആവശ്യക്കാരുമുണ്ട്. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയല്‍ രാജ്യങ്ങളും ഇ‑ഓട്ടോയ്ക്ക് വേണ്ടി താല്പര്യം അറിയിച്ചിരുന്നു. 2007 മുതല്‍ നിലച്ചുപോയ കയറ്റുമതിയാണ് കെഎഎല്‍ ഈ സർക്കാരിന്റെ കാലയളവിൽ പുനഃസ്ഥാപിച്ചത്.
ഇലക്ട്രിക് ഓട്ടോ നീംജീക്ക് പിന്നാലെ പുതിയ ഇലക്ട്രിക് വാഹനങ്ങളും നിരത്തിലിറക്കാന്‍ കെഎഎൽ ലക്ഷ്യമിടുന്നുണ്ട്. ഇ‑സ്കൂട്ടര്‍, ഇ- ഗുഡ്സ് ഓട്ടോ, അഞ്ച് സീറ്റുള്ള ഇ- റിക്ഷാ എന്നിവയാണ് ഒരുങ്ങുന്നത്. നിലവിലെ 100 സിസി സ്കൂട്ടറിന് തുല്യമായ ഇ‑സ്കൂട്ടറിന് 75,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. 600കിലോ വരെ ഭാരം വഹിക്കാവുന്ന ഇ‑ഗുഡ്സ് ഓട്ടോയുടെ വില മൂന്ന് ലക്ഷത്തില്‍ താഴെയാകും. മൂന്ന് സീറ്റുള്ള ഇ‑ഓട്ടോയ്ക്ക് 2.85 ലക്ഷം രൂപയാണ് വിലയെങ്കില്‍, ഇ‑റിക്ഷയ്ക്ക് രണ്ട് ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജിംഗില്‍ 80–90 കിലോമീറ്റര്‍ സഞ്ചരിക്കാനാവും വിധമാണ് ബാറ്ററി കപ്പാസിറ്റി. പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ പുതു ചരിത്രമെഴുതുകയാണ് കെഎഎല്‍.