കോഴിക്കോട്: വസ്ത്ര രൂപകല്‍പനാ രംഗത്തെ വിപ്ലകരമായ മാറ്റം ലക്ഷ്യം വയ്ക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ലീഐടി ടെക്നോഹബ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. 2014 മുതല്‍ ഗള്‍ഫ് മേഖലയില്‍ സജീവമായ സോഫ്റ്റ് വെയര്‍ കമ്പനിയാണ് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെത്തുന്നത്.
സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള തയ്യല്‍ക്കാരുടെ കൂട്ടായ്മയാണ് ലീഐടി മുന്നോട്ടു വയ്ക്കുന്നതെന്ന് കമ്പനി ഡയറക്ടര്‍ ഷഫീഖ് പാറക്കുളത്ത് പറഞ്ഞു.
വ്യക്തികള്‍ക്കോ വാണിജ്യ സ്ഥാപനങ്ങള്‍ക്കോ ലീഐടിയുടെ ഊപാക്സ് എന്ന ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. സ്വന്തം ക്യാമറ വഴി ആപ്പിന്‍റെ സഹായത്തോടെ വസ്ത്രത്തിന്‍റെ അളവെടുക്കുകയാണ് അടുത്ത പടി. പിന്നീട് സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഏത് തയ്യല്‍ക്കാരനെക്കൊണ്ടും ഈ വസ്ത്രം തയ്പിക്കാം. പിന്നീട് കൊറിയര്‍ വഴി ഇത് ഉപഭോക്താവിന്‍റെ വീട്ടിലെത്തിക്കും. കേരളത്തില്‍ മാത്രം 10,000 തയ്യല്‍ക്കാര്‍ ഈ ഓണ്‍ലൈന്‍ വേദിയില്‍ അംഗമാകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എട്ടു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ഈ സാങ്കേതികവിദ്യ രൂപപ്പെടുത്തിയെടുത്തതെന്ന് ഷെഫീക്ക് പറഞ്ഞു. ഈ ആപ്പിന്‍റെ ആതിഥേയ കേന്ദ്രം കോഴിക്കോടായിരിക്കും. അതോടു കൂടി ഇവിടുത്തെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലീഐടി പദ്ധതിയിടുന്നത്.