ബിവറേജുകളെല്ലാം ഇനി മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍

തിരുവനന്തപുരം: മുഴുവന്‍ ബിവറേജസ്​ കോര്‍പറേഷന്‍ (ബെവ്​കോ) ഔട്ട്​ലെറ്റുകളും പ്രീമിയമാക്കുന്നു. നിലവിലെ ഔട്ട്​ലെറ്റുകള്‍ മുഴുവനും ആഗസ്റ്റ്​​ ഒന്നിനകം പ്രീമിയം ഷോപ്പുകളാക്കാന്‍​ ബെവ്​കോ എം.ഡി നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയാല്‍ റീജനല്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ്​ എം.ഡിയുടെ മുന്നറിയിപ്പ്​. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്​ 68 പുതിയ മദ്യവില്‍പനശാലകള്‍ ആരംഭിക്കാന്‍ കഴിഞ്ഞദിവസം ഉത്തരവായിരുന്നു.

ഇവയെല്ലാം പ്രീമിയം ഷോപ്പുകളാണ്. മഴയത്തും വെയിലത്തും ക്യൂ നിന്ന്​ മദ്യം വാങ്ങുന്നത്​ ഗതാഗതപ്രശ്നങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചത്​ കോടതി വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. പ്രീമിയം ഔട്ട്​ലെറ്റുകള്‍ക്കുപുറമെ ഓണ്‍ലൈന്‍ സംവിധാനവും പരമാവധി പ്രയോജനപ്പെടുത്തും. മദ്യം സൂക്ഷിക്കുന്നതിനും വില്‍പനക്കുമുള്ള സൗകര്യങ്ങള്‍ പ്രീമിയം കൗണ്ടറുകളില്‍ ഒരുക്കണം. 2000 ചതുര​ശ്ര അടിയാണ്​ ഓരോ പ്രീമിയം ഔട്ട്​ലെറ്റിനും ആവശ്യം.

നിലവിലെ ഔട്ട്​ലെറ്റുകളില്‍ ഇതിന്​ സ്ഥലമുണ്ടെങ്കില്‍ അവിടെത്തന്നെ തുടരാം. അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണം. നിലവില്‍ 267 ഔട്ട്​ലെറ്റുകളില്‍ 163 എണ്ണമാണ് വാക്- ഇന്‍ കൗണ്ടറല്ലാതെ പ്രവര്‍ത്തിക്കുന്നത്. ഔട്ട്​ലെറ്റുകളില്‍ വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കണമെന്നും ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന നിലയില്‍​ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്​.