ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കൂടി

ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനമാണ് വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി ചെയ്യപ്പെടുന്നത്.

2023 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ നാലു കോടി ഡോളര്‍ വിലവരുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ മാമ്ബഴത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കൃഷി വകുപ്പ് അധികൃതരെ ഇന്ത്യയിലെ നാസിക്, ബംഗലുരു, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രീക്ലിയറന്‍സ് കേന്ദ്രങ്ങളിലേക്ക് ഇന്ത്യന്‍ കൃഷി വകുപ്പ് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

41 രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ആവശ്യക്കാര്‍. കൂട്ടത്തില്‍ അമേരിക്കയിലേക്കാണ് ഇറക്കുമതി കൂടുതല്‍. 2000 മെട്രിക് ടണ്‍ മാമ്പഴമാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. ന്യൂസിലണ്ടാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.