ഉള്ളി വില വര്‍ധിക്കുന്നു

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളി വില കുത്തനെ മുകളിലേക്ക്. ദീപാവലി വിപണി ലക്ഷ്യമിട്ടാണ് ഉള്ളി വില കുതിക്കുന്നത്.

നവരാത്രിക്ക് മുൻപ് വരെ ഒരു കിലോ ഉള്ളിക്ക് 20 രൂപ മുതല്‍ 40 രൂപ രൂപ. വരെയായിരുന്നു നിരക്ക്. എന്നാല്‍, ഉത്സവ സീസണ്‍ എത്തിയതോടെ വെറും ദിവസങ്ങള്‍ കൊണ്ട് ഒരു കിലോ ഉള്ളിക്ക് 80 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു വില.

വരും ദിവസങ്ങളില്‍ ഒരു കിലോ ഉള്ളിക്ക് 100 രൂപയ്ക്കടുത്ത് എത്തിയേക്കുമെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തല്‍. കൂടാതെ, വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച്‌ ഈ വിലക്കയറ്റം ഡിസംബര്‍ വരെ തുടരാൻ സാധ്യതയുണ്ട്. വിപണിയിലെ ലഭ്യത കുറവാണ് വിലക്കയറ്റത്തിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിക്ക് പുറമേ, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ആഴ്ചകള്‍ കൊണ്ട് വിലയില്‍ വലിയ രീതിയിലുള്ള മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയും, ബെംഗളൂരുവും ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഒരു കിലോ ഉള്ളിക്ക് 55 രൂപ മുതല്‍ 70 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്. വില വര്‍ദ്ധിക്കുന്ന സംസ്ഥാനങ്ങളില്‍ ബഫര്‍ സ്റ്റോക്കില്‍ നിന്ന് ചില്ലറ-മൊത്ത വിപണികളില്‍ ഉള്ളിയെത്തിക്കുമെന്ന് കേന്ദ്ര ഉപഭോക്തകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുൻപ് തക്കാളി വിലയും സമാനമായ രീതിയില്‍ കുതിച്ചിരുന്നു. അന്ന് ഒരു കിലോ തക്കാളിക്ക് 200 രൂപയിലധികമാണ് വില രേഖപ്പെടുത്തിയത്.