ഡോളറിനെതിരെ 78 രൂപ എന്ന നിലവാരത്തിലും താഴെയിറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് രൂപ.
കലുഷിതമായ ആഭ്യന്തര വിപണിയും വര്‍ധിക്കുന്ന അസംസ്കൃത എണ്ണവിലയും പുറത്തേക്കുള്ള വിദേശ മൂലധന ഒഴുക്കുമാണ് രൂപയെ ശോഷിപ്പിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ അഞ്ച് ശതമാനത്തിനടുത്ത് മുല്യശോഷണമാണ് രൂപക്ക് സംഭവിച്ചത്. വിദേശനാണ്യവിപണിയില്‍ ഇന്നലെ 78.03 എന്ന നിലയിലാണ് രൂപയുടെ മൂല്യം. തിങ്കളാഴ്ച വ്യപാരത്തിനിടയില്‍ 78.28 രൂപ വരെ താണിരുന്നു. പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനാല്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുത്തനെവര്ധിപ്പിച്ചാല് വളര്‍ച്ച കുറയുമോ എന്ന ആശങ്കയിലാണ് വിദേശനിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിന്ന് പിന്തിരിയുന്നത്.
രൂപക്കെതിരെ ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഇറക്കുമതി ചെലവുയര്‍ത്തും. ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണമാകും. പെട്രോളിയം ഉല്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനയും ഇറക്കുമതി ബില്ലില്‍ പ്രതിഫലിക്കും.
യു.കെ.പൗണ്ട്, ജാപ്പനീസ് യെന്‍, ഓസ്ട്രേലിയന്‍ ഡോളര്‍ അടക്കം പല കറന്‍സികളും ഡോളറിനെതിരെ ശോഷിക്കുകയാണ്. ഇടപാടുകള്‍ ഡോളറിലായതിനാല്‍ അത്തരം രാജ്യങ്ങളുമായുള്ള വ്യാപാരത്തിലും ഇന്ത്യക്ക് മെച്ചമൊന്നും ലഭിക്കില്ല.