നിറപറയെ ഏറ്റെടുത്ത് വിപ്രോ; കമ്പനി ഇനി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ എന്ന പേരിലാകും അറിയപ്പെടുക

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പരമ്പരാഗത ഭക്ഷ്യ ബ്രാന്‍ഡുകളിലൊന്നായ നിറപറയെ ഏറ്റടുത്ത് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍. നിറപറയെ സ്വന്തമാക്കുന്നതിലൂടെ പാക്കേജ്ഡ് ഫുഡ്, സ്‌പൈസസ് വിഭാഗത്തിലേക്കുള്ള പ്രവേശനം വിപ്രോ പ്രഖ്യാപിച്ചു. അതേസമയം ഏറ്റെടുക്കുന്നത് എത്ര തുകയ്ക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

വിപ്രോ ഗ്രൂപ്പ് വിഭാഗം നിറപറയുമായി കരാറില്‍ ഒപ്പുവെച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.സുഗന്ധവ്യഞ്ജന വിപണിയില്‍ ഇതിനകം സാന്നിധ്യമുള്ള ഡാബര്‍, ഇമാമി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ്, ഐടിസി തുടങ്ങിയ എഫ്എംസിജി സ്ഥാപനങ്ങളോടാണ് വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ഏറ്റുമുട്ടുക.

1976ല്‍ ആരംഭിച്ച നിറപറ, കേരളത്തില്‍ ഏറെ വിറ്റഴിയുന്ന ബ്രാന്‍ഡാണ്. വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങളാണ് നിറപറയുടേതായി വിപണിയില്‍ എത്താറുള്ളത്. മസാല പൊടികളും സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും അപ്പം, ഇടിയപ്പം മുതലായവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അരിപ്പൊടിയും വിപണിയില്‍ ഏറെ ഡിമാന്റുള്ളതാണ്.

നിറപറയുടെ 13-ാമത്തെ ഏറ്റെടുക്കലാണെന്നും സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-കുക്ക് ഉത്പന്നങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുമെന്നും വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗും എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനീത് അഗര്‍വാള്‍ പറഞ്ഞു.പാക്കേജ്ഡ് ഫുഡ്‌സ്, സ്‌പൈസസ് വിഭാഗത്തില്‍ മുന്‍നിരയിലെത്താന്‍ വിപ്രോയെ സഹായിക്കുന്നതാണ് പുതിയ ഏറ്റെടുക്കല്‍.

ഇന്ത്യയിലെ ഭക്ഷ്യവിപണിയിലേക്ക് കടക്കും എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിപ്രോ നിറപറയ ഏറ്റെടുത്തത്. നിലവില്‍, നിറപറയുടെ 63 ശതമാനം ബിസിനസ്സ് കേരളത്തില്‍ നിന്നാണ്, 8 ശതമാനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും ബാക്കി 29 ശതമാനം അന്താരാഷ്ട്ര വിപണികളില്‍ നിന്നും, പ്രധാനമായും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നാണ്.